തോപ്പില്‍ ഭാസി അങ്ങനെ പറഞ്ഞിരുന്നോ? പത്മരാജനും അജയനും തമ്മില്‍ പിരിയാനുള്ള കാരണം; വിവാദ വെളിപ്പെടുത്തലുമായി അജയന്റെ ഭാര്യ

2019-01-12 02:20:16am |

പത്മരാജനും അജയനും തമ്മില്‍ പിരിയാനുള്ള കാരണം വെളിപ്പെടുത്തി അജയന്റെ ഭാര്യ ഡോ.സുഷമ കുമാരി. പത്മരാജിന്റെ ഭാര്യ രാധാലക്ഷ്മി അജയനെ കുറിച്ച് കലാകൗമുദിയില്‍ എഴുതിയ ലേഖത്തിന് ('ഒളിച്ചിരുന്ന പ്രതിമ' ലക്കം 2260) അജയന്റെ ഭാര്യ ഡോ.സുഷമകുമാരി കലാകൗമുദിയില്‍ തന്നെ നല്‍കിയ മറുപടി ('പത്മരാജന്‍ അജയനെ ഇറക്കിവിട്ടു' ലക്കം 2262)യാണ് ശ്രദ്ധേയമാകുന്നത്.

സുഷമകുമാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'' രാധാലക്ഷ്മി ചേച്ചി പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല. തോപ്പില്‍ ഭാസി (അജയണ്ണന്റെ അച്ഛന്‍) പത്മരാജനെപ്പറ്റി പരാമര്‍ശിച്ചത്- പത്മരാജന്‍ ചെയ്ത പടങ്ങളെല്ലാം ഉണ്ടാക്കിയത് അജയനാണ്, എന്ന കാര്യം.. അങ്ങനെയൊരു അഭിപ്രായം തോപ്പില്‍ ഭാസി പറയുമെന്ന് തോന്നുന്നില്ല. പത്മരാജന്‍ ചേട്ടന്റെ കൂടെ പത്ത് പന്ത്രണ്ട് വര്‍ഷം ഒരു സഹോദരനെപ്പോലെ സ്‌നേഹിക്കുകയും സെറ്റില്‍ അസോസിയേറ്റായി നിന്നതുമൊക്കെ മണ്ടത്തരമായിപ്പോയി എന്ന് ഇപ്പോള്‍ മനസ്സിലായി.. അജയണ്ണന്റെ അച്ഛന്‍ എന്തോ ഒരു അഭിപ്രായം പറഞ്ഞുവെന്ന് പറഞ്ഞ് അണ്ണനെ നിഷ്‌കരുണം നിരാകരിച്ച പത്മരാജന് എന്ത് ആത്മാര്‍ത്ഥതയാണ് അജയനോട് ഉണ്ടായിരുന്നത്.

പത്മരാജന്‍ ചേട്ടന്‍ പറഞ്ഞുവിട്ടാല്‍ വയറ്റത്തടിക്കുമല്ലോ എന്ന് അജയണ്ണന്‍ പറഞ്ഞുവെന്ന രാധാലക്ഷ്മി ചേച്ചിയുടെ അഭിപ്രായം വാസ്തവവിരുദ്ധമാണ്. പത്മരാജന്‍ ചേട്ടനും അജയണ്ണനും പിരിയാന്‍ ഇടയായ എന്റെ അറിവിലുള്ള കാര്യം ഇതാണ്. 1989 ലോ മറ്റോ പത്മരാജന്‍ പടത്തില്‍ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്ന് ഒരുദിവസം വീട്ടിലേക്ക് വിഷമിച്ച അണ്ണന്‍ കയറി വന്നു. കാരണം ചോദിച്ചപ്പോള്‍, നാളെ മുതല്‍ പത്മരാജന്‍ ചേട്ടന്റെ കൂട്ടത്തില്‍ സിനിമ ചെയ്യാന്‍ പോയില്ലെങ്കില്‍ വിഷമമുണ്ടാകുമോ എന്നായിരുന്നുതിരിച്ച് ചോദിച്ചത്. ഇല്ലാ എന്ന മറുപടിയും കൊടുത്തു.

വീണ്ടും കാര്യം തിരക്കിയപ്പോള്‍ പറഞ്ഞത്, കാലുവേദന എടുത്തപ്പോള്‍ സെറ്റില്‍ ഇരുന്നതിന് പത്മരാജന്‍ ചേട്ടന്‍ ഇന്‍സള്‍ട്ട് ചെയ്ത് സംസാരിച്ചുവെന്നും എഴുന്നേറ്റ് പോകാന്‍ പറയുകയും ചെയ്തുവെന്നാണ്. പത്മരാജനുമായി പിരിഞ്ഞതാണ് 'പെരുന്തച്ചന്‍' ചെയ്യാന്‍ നിമിത്തമായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ രംഗത്ത് കുറെ വര്‍ഷം ജോലി ചെയ്ത് പരിചയമുണ്ടായിരുന്ന അജയണ്ണന്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റാങ്കോടുകൂടിയ പാസ്സായപ്പോള്‍ സ്വതന്ത്രസംവിധായകനാകാന്‍ ശ്രമിക്കാത്തത് ശരിയായില്ല എന്നത് സത്യം തന്നെയാണ്.

പത്മരാജന്‍ ചേട്ടന്‍ അനുഗൃഹീതനായ ഒരു എഴുത്തുകാരനും നോവലിസ്റ്റും തിരക്കഥാകൃത്തും ആണ്. തുടക്ക കാലത്ത് സിനിമയില്‍ പത്മരാജന്‍ ചേട്ടന് സാങ്കേതിക വശങ്ങളെപ്പറ്റി വലിയ പിടിയില്ലായിരുന്നു. സാങ്കേതിക കഴിവുള്ള അസോസിയേറ്റിന്റെ കഴിവും കൂടി ചേര്‍ന്നപ്പോഴാണ് പത്മരാജന്‍ ചേട്ടന്‍ നല്ല സിനിമകള്‍ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. ഇത് രാധാലക്ഷ്മി ചേച്ചിയും പരാമര്‍ശിച്ചിട്ടുള്ളതാണ്.''