Latest News

"പേട്ടയ്ക്ക് ശേഷം രജനീകാന്തുമായി ഞാന്‍ പ്രണയത്തിലായി; ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം": മാളവിക മോഹന്‍

2019-01-15 03:16:24am |

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മാളവിക മോഹന്‍. രജനീകാന്ത് നായകനായ പേട്ടയിലൂടെ തമിഴകത്തും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് താരം. വന്‍ താരനിര അണിനിരന്ന പേട്ട എന്ന ചിത്രത്തിനൊപ്പം തമിഴില്‍ തുടക്കം കുറിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാളവിക. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു എന്നാണ് മാളവിക പറയുന്നത്.

'ഒരുമിച്ച് ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായി. ആളുകള്‍ അഭിമുഖങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്പന്‍ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനി.'

'വെറും സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അതിനേക്കാള്‍ വലുതാണ് അദ്ദേഹം. മറ്റ് താരങ്ങള്‍ക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ രജനിസാറിന്റെ കാര്യം ഇതിന് നേര്‍ വിപരീതമാണ്. സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാര്‍ അടുത്തുവന്ന് എന്നെ കംഫര്‍ടബിള്‍ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാന്‍ തുടങ്ങി. എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്.' മാളവിക പറഞ്ഞു.

രജനീകാന്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹം വളരെ അധികം നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്. ഒരു അഭിനേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമാണിത്.- മാളവിക പറഞ്ഞു.