Latest News

മുന്നില്‍ മുട്ടുകുത്തി ലാലേട്ടന്‍ വന്നപ്പോള്‍ കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു "എന്നാ എന്നോടു പറ ഐ ലവ്‌ യു എന്ന്‌"; ലാലേട്ടന്‍ "ഐ ലവ്‌ യു" പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു "പോ മോനേ ദിനേശാ": വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്‌ക്ക്‌ ഇത് അപൂര്‍വനിമിഷം

2019-01-21 01:23:04am |

ജീവിതം മുഴുവന്‍ വീല്‍ചെയറിലാണ്‌ കഴിയുന്നതെങ്കിലും മുന്നില്‍ മുട്ടുകുത്തി "ലാലേട്ടന്‍" വന്നപ്പോള്‍ കള്ളച്ചിരിയോടെ നാദിയ പറഞ്ഞു "എന്നാ എന്നോടു പറ ഐ ലവ്‌ യു എന്ന്‌", "ഐ ലവ്‌ യു" എന്നു മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത മറുപടി "പോ മോനേ ദിനേശാ" എന്ന്‌. സദസ്‌ കുടുകുടെ ചിരിച്ചു, ഒപ്പം സൂപ്പര്‍താരവും. കുവൈത്തിലെ സ്‌റ്റേജ്‌ ഷോയ്‌ക്കിടെയാണ്‌ മോഹന്‍ലാലും കുവൈത്തുകാരിയായ കടുത്ത ആരാധികയും തമ്മിലുള്ള അസാധാരണസംഗമം.

Mohanlal, Nadiya

ജന്മനാ വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയ്‌ക്ക്‌ കൈകാലുകള്‍ ചെറിയതോതില്‍ അനക്കാമെന്നേയുള്ളു. 36 വയസുകാരിയ നാദിയയ്‌ക്കു പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല. കുവൈത്ത്‌ ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലാണ്‌ നാദിയ ജനിച്ചത്‌. മാതാപിതാക്കള്‍ ആരെന്നറിയില്ല. നഴ്‌സുമാരുടെ പരിചരണത്തിലാണു വളര്‍ന്നത്‌. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരില്‍നിന്ന്‌ അവരുടെ ഭാഷകള്‍ പഠിച്ചു. അങ്ങനെയാണു മലയാളസിനിമകള്‍ കാണുന്നതും മോഹന്‍ലാലിന്റെ ആരാധികയാകുന്നതും.

Mohanlal, Nadiya

മോഹന്‍ലാല്‍ കുവൈത്തില്‍ സ്‌റ്റേജ്‌ ഷോയ്‌ക്ക്‌ എത്തുന്നതറിഞ്ഞ്‌ താരത്തെ കാണാനുള്ള ആഗ്രഹം അവര്‍ മംഗളം ടെലിവിഷനുമായി പങ്കുവച്ചു. വാര്‍ത്ത വൈറലായി ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നാദിയയെ സ്‌റ്റേജ്‌ ഷോയ്‌ക്കിടെ കാണാമെന്ന്‌ പരിപാടിയുടെ സംഘാടകരായ ടെക്‌സാസസ്‌ കുവൈത്ത്‌ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

സ്‌റ്റേജിലേക്കു കയറിയാല്‍ വീല്‍ചെയറിന്റെ അലൈന്‍മെന്റ്‌ മാറുമെന്ന്‌ അവതാരകന്‍ പറഞ്ഞതോടെ ലാല്‍ സ്‌റ്റേജില്‍നിന്നിറങ്ങി നാദിയയ്‌ക്കടുത്തേയ്‌ക്കെത്തുകയായിരുന്നു. താരം തൊട്ടടുത്തുവന്നുനിന്നപ്പോള്‍ നാദിയയുടെ ചുണ്ടില്‍നിന്ന്‌ അറിയാതെ വാക്കുകളെത്തി..."സവാരി ഗിരിഗിരി"! വേദിയില്‍ അതു പൊട്ടിച്ചിരിയായി. പിന്നീടാണ്‌ വന്ദനം സിനിമയിലെ ഏറെ പ്രശസ്‌തമായ ഡയലോഗ്‌ പോലൊരു ഐ ലവ്‌ യു പറച്ചില്‍ നടന്നത്‌. നാദിയ താമസിക്കുന്ന സോഷ്യല്‍ അഫയേഴ്‌സിന്റെ വക സമ്മാനമായ ലാലിന്റെ ചിത്രവും കൈമാറി. കൈയില്‍ കരുതിയ സമ്മാനവും നാദിയയുടെ നെറുകയില്‍ ചുംബനവും നല്‍കിയാണ്‌ പ്രിയതാരം മടങ്ങിയത്‌.