Latest News

പൃഥ്വിയുടെ ലംബോര്‍ഗിനി അവസാനം വീട്ട് മുറ്റത്തെത്തി; ട്രോളന്മാര്‍ക്ക് നന്ദി അറിയിച്ച് മല്ലിക സുകുമാരന്‍

2019-01-30 02:57:23am |

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കിയതും കാറുമായി ബന്ധപ്പെട്ട മല്ലിക സുകുമാരന്‍ പറഞ്ഞതും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. വീട്ടിലേക്കുള്ള വഴി മോശമായതിനാല്‍ പൃഥ്വിരാജിന്റെ നാല് കോടി വിലയുള്ള ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഒരഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞതാണ് ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്.

ഇപ്പോള്‍ ആ ആഗ്രഹം മല്ലികയ്ക്ക് സഫലമായിരിക്കുകയാണ്. മകന്റെ ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടുമുറ്റത്തെത്തി. തിരുവനന്തപുരം കുണ്ടമണ്‍ഭാഗത്താണ് മല്ലിക താമസിക്കുന്നത്. പ്രധാന റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം കോളനിയിലേക്കെത്താന്‍. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ഉള്ളൂ.

ആറ് വര്‍ഷം മുന്‍പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഴി നന്നാക്കിത്തരണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ആ നിവേദനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പൃഥ്വി ലംബോര്‍ഗിനി വാങ്ങുന്നത്.

ഒരഭിമുഖത്തില്‍ കാര്‍ വീട്ടിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞതാണ് ട്രോളായത്. ഇതോടെ അധികാരികള്‍ വിളിച്ച് പിന്തുണ അറിയിച്ചു. അങ്ങനെ വഴി വീതികൂട്ടി ടാര്‍ ചെയ്തു. കഴിഞ്ഞ ദിവസം ലംബോര്‍ഗിനിയുമായി പൃഥ്വിയെത്തി. ഇന്ദ്രനും കുടുംബവുമെത്തി. ഒത്തുചേരലിന്റെ സന്തോഷമായിരുന്നു പിന്നീട് വീട്ടില്‍. ആരോഗ്യപരമായ ട്രോളുകളോട് എന്നും നന്ദിയുണ്ടെന്നും മല്ലിക പറഞ്ഞു.