Latest News

കഥ കേട്ടപ്പോള്‍ തെളിഞ്ഞത് സുകുവേട്ടന്റെയും പൃഥ്വിയുടെയും മുഖമാണ്: മല്ലിക സുകുമാരന്‍

2019-02-04 01:41:03am |

നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന 'നയന്‍' എന്ന ചിത്രത്തിനു ഭാവുകങ്ങള്‍ നേര്‍ന്ന് മല്ലികാ സുകുമാരന്‍. സിനിമയുടെ 75 ശതമാനവും പങ്കു വഹിക്കുന്നത് പൃഥ്വിയിയുടെ ഭാര്യ സുപ്രിയയാണെന്ന് മല്ലിക പറഞ്ഞു. നയന്റെ കഥകേട്ടപ്പോള്‍ സുകുമാരനും പൃഥ്വിയും തമ്മിലുള്ള വാത്സല്യമാണ് തന്റെ മനസ്സില്‍ തെളിഞ്ഞതെന്ന് മല്ലിക തുറന്നു പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയില്‍ വ്യക്തമാക്കുന്നത് ഒരച്ഛനും മകനും തമ്മിലുള്ള വാത്സല്യത്തെക്കുറിച്ചാണ്. കഥകേട്ടു തുടങ്ങിയപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞുവന്നത് സുകുവേട്ടനും പൃഥ്വിയും തമ്മിലുള്ള ആത്മബന്ധമായിരുന്നു. കുട്ടിക്കാലം മുതലേ ഒരു ചിത്രം എങ്ങനെ നിര്‍മിക്കാമെന്ന് പൃഥ്വിയും ഇന്ദ്രജിത്തും കൂടി സുകുവേട്ടനോട് അന്വേഷിക്കുമായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് പൃഥ്വി കൂടുതല്‍ ആധികാരികമായി പഠിക്കാനും മുന്‍പന്തിയിലായിരുന്നു. മാത്രമല്ല, പൃഥ്വി തന്റെ സംശയങ്ങള്‍ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിഹരിച്ചുവെന്ന്് മല്ലിക പറയുന്നു. പൃഥ്വിയ്ക്ക് പുതിയ ചിത്രത്തിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഭാര്യ സുപ്രിയ ഭംഗിയായി പരിഹരിച്ചു നല്‍കിയെന്നും മല്ലിക ചൂണ്ടിക്കാട്ടി.

ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ മക്കള്‍ക്കൊപ്പം തളാരാതെ മാതൃകയായി നിന്ന എന്റെ പാതയാണ് അവര്‍ സ്വീകരിച്ചതെന്നും മല്ലിക ഓര്‍മ്മിക്കുന്നു. ഒരിക്കലും അവരില്‍ സമ്മര്‍ദ്ദം വരുത്താന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൃഥ്വിയും ഇന്ദ്രജിത്തും പ്രതിസന്ധികളില്‍ തളരാതെ മുന്നേറി.

നയന്‍ എന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ബാനറില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ്, മമ്താ മോഹന്‍ദാസ്, വാമിഖ ഗൗബ്ബി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.