Latest News

‘വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും’; ദീപികയ്ക്കെതിരേ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി

2019-02-17 03:53:29am |

ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ഹിന്ദി ബിഗ് ബോസ് പതിപ്പിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും ശ്രീശാന്തിന് വളരെ വലിയ പിന്തുണ ലഭിച്ചിരുന്നു. ബിഗ് ബോസ് വിജയി ആയത് ടെലിവിഷന്‍ താരം ദീപിക കക്കര്‍ ആയിരുന്നു. ദീപികയും ശ്രീശാന്തും അടുത്ത സുഹൃത്തുക്കളായാണ് ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയത്.

ദീപിക തന്റെ സഹോദരിയെപ്പോലെയാണെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ദീപികയ്ക്ക് വേണ്ടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകാന്‍ പോലും ശ്രീശാന്ത് തയ്യാറായി. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ദീപികയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ശ്രീശാന്ത്.

ഇരുവരും തമ്മിലുള്ള അകല്‍ച്ചയെ കുറിച്ച് ശ്രീശാന്ത് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. '' ഞാന്‍ ദീപികയെ അണ്‍ഫോളോ ചെയ്തു. അതിന് കാരണം അവര്‍ എന്റെ ഭാര്യ ഭുവനേശ്വരിയെ അണ്‍ഫോളോ ചെയ്തതാണ്. എന്റെ ഭാര്യയെ ബഹുമാനിക്കാത്തവരെ ഞാനും ബഹുമാനിക്കുകയില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും അപമാനിക്കുന്നു. അവരെ പറഞ്ഞ് വിലക്കേണ്ടത് ദീപികയുടെ കടമയാണ്. പക്ഷേ അവരത് ചെയ്യുന്നില്ല'' - ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും വിഷയെത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. '' സാമൂഹിക മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നതും അണ്‍ഫോളോ ചെയ്യുന്നതും അത്ര വലിയ വിഷയമല്ല. വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, എന്നാല്‍ ബുദ്ധിയുള്ളവര്‍ കത്തിയെടുത്ത് ചരടറുത്ത് വിഡ്ഢികളില്‍ നിന്ന് മാറി നില്‍ക്കും'' - ഭുവനേശ്വരി ട്വീറ്റ് ചെയ്തു.