Latest News

"ഞങ്ങള്‍ ആരും നിങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നില്ല എന്നാല്‍ ഈ നീണ്ട കത്തിലും എന്താണ് നിങ്ങള്‍ പാക്കിസ്ഥാനെ കുറിച്ച് മിണ്ടാത്തത്"; സാനിയയെ വലിച്ച് കീറി സോഷ്യല്‍ മീഡിയ

2019-02-19 03:19:53am |

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പലപ്പോഴും ദേശീയതയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നെഴുതുകയാണ് സാനിയ. പുല്‍വാമ ആക്രമണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന സെലിബ്രിറ്റികളെ ട്രോളുകളിലൂടെ അപമാനിക്കുന്ന പ്രവണതയെ ചോദ്യം ചെയ്തു കൊണ്ടുളള ഒന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ സാനിയയുടെ കത്ത്.

ഞാന്‍ തീവ്രവാദത്തിന് എതിരാണെന്നു തെളിയിക്കാന്‍ പരസ്യമായി ആക്രമണത്തെ അപലപിക്കുകയോ വീടിനു മുകളില്‍ നിന്ന് അലറി വിളിക്കുകയോ, സമൂഹമാധ്യമങ്ങളിലൂടെ വിളിച്ചു പറയുകയോ വേണ്ട. തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരാണ് ഞാന്‍. ഞാന്‍ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നു. രാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കുന്നു. എന്റെ രാജ്യത്തെ ഞാന്‍ സേവിക്കുന്നത് അങ്ങനെയാണ് സാനിയ പറയുന്നു.

വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണ്. ഫെബ്രുവരി 14 നമ്മുടെ രാജ്യത്തെ കറുത്ത ദിനമാണ്. അത് ഒരിക്കലും നമ്മള്‍ മറക്കില്ല. പക്ഷെ അപ്പോഴും സമാധാനത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുക. കൂടുതല്‍ വിദ്വേഷം പരത്തുന്നതിന് പകരം നിങ്ങളും അത് തന്നെ ചെയ്യണം. മറ്റുളളവരെ കളിയാക്കി നിങ്ങള്‍ക്കൊന്നും നേടാനാവില്ല. ഭീകരവാദത്തിന് ഈ ലോകത്ത് യാതൊരു ഇടവും ഇല്ല സാനിയ കുറിച്ചു.

എത്ര സെലബ്രിറ്റികള്‍ പോസ്റ്റിട്ടു എന്ന് നോക്കുന്നതിനു പകരം നിങ്ങള്‍ ; രാജ്യത്തെ സേവിക്കാനുള്ള വഴികള്‍ കണ്ടെത്തൂ. സോഷ്യല്‍ മീഡിയയിലൂടെ വിളിച്ച് പറയാതെ നിങ്ങള്‍ നിങ്ങളാലാവുന്നത് ചെയ്യൂ. ഞങ്ങള്‍ ഞങ്ങളാലാകുന്നതും ചെയ്യുന്നു - സാനിയ കുറിച്ചു.

എന്നാല്‍ കത്ത് എത്തിയതോടെ വലിച്ചുകീറി ഒട്ടിച്ചിരിക്കുകയാണ് വീണ്ടും സോഷ്യല്‍ മീഡിയ. ഞങ്ങള്‍ ആരും നിങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നില്ല എന്നാല്‍ ഈ നീണ്ട കത്തിലും എന്താണ് നിങ്ങള്‍ പാക്കിസ്ഥാനെ കുറിച്ച് മിണ്ടാത്തതെന്ന് സമൂഹമാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തി.