Latest News

ഞാനും രാംചരണും സുഹൃത്തുക്കളായത് പത്താം ക്ലാസ് തോറ്റതുകൊണ്ട്: ജീവിതം തുറന്നു പറഞ്ഞ് റാണ

2019-03-12 02:46:37am |

തെലുങ്കിലെ സൂപ്പര്‍ താരം എന്ന പദവിയിലേക്ക് റാണ ദഗുബാട്ടി എത്തിയത് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആയിരുന്നു. ബാഹുബലിയ്ക്ക് ശേഷം തിരക്കേറിയ നടനായി മാറുകയായിരുന്നു റാണ. സിനിമയിലെത്തും മുന്‍പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു ദേശീയമാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് റാണ.

'' പഠിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരു കുട്ടിയായിരുന്നു താന്‍. എന്റെ മുത്തച്ഛന്‍ ഡി രാമനായിഡുവായിരുന്നു എന്റെ വഴികാട്ടി. എന്റെ പഠനത്തെ കുറിച്ച് ഒരിക്കലും അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ നന്നായി വായിക്കുമെന്നും എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു അറിയാമായിരുന്നു. പത്താം ക്ലാസില്‍ ഞാന്‍ തോറ്റു. പിന്നീട് പത്താംക്ലാസ് പരീക്ഷ എഴുതിയെടുക്കാന്‍ മറ്റൊരു സ്‌കൂളില്‍ ചെല്ലുമ്പോഴായിരുന്നു രാം ചരണിനെ പരിചയപ്പെട്ടത്. രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. സിനിമ തന്നെയാണ് ജീവിതമെന്ന് പണ്ടേ ഞാന്‍ ഉറപ്പിച്ചിരുന്നു. സിനിമയുടെ സെറ്റുകളിലാണ് ഞാന്‍ വളര്‍ന്നത്. ഹൈദരാബാദിലെ എന്റെ വീട് എല്ലാപ്പോഴും സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരിക്കും. സിനിമയുടെ സെറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്.

ബാഹുബലിയാണ് നിര്‍ണായകമായത്. ബാഹുബലിയോടെയാണ് പ്രഭാസുമായി ചങ്ങാത്തത്തില്‍ ആകുന്നത്. എന്നെക്കാള്‍ വലിയ താരമാണ് പ്രഭാസ്. ഇത്രയും ക്ഷമയുളള ഒരു മനുഷ്യനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ചോദ്യം ചെയ്യാനാകാത്ത പിന്തുണയായിരുന്നു ആ ചിത്രത്തിന് പ്രഭാസ് നല്‍കിയത്. മികച്ച വിജയങ്ങള്‍ക്കു ശേഷം സൂപ്പര്‍താരമായാണ് പ്രഭാസ് ബാഹുബലിയില്‍ എത്തുന്നതും. ബാഹുബലിയ്ക്കായി മാറ്റി വച്ച അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് സമ്പാദിക്കാമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സമര്‍പ്പണം, ക്ഷമ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതൊരു പാഠമാണ്'' റാണ പറയുന്നു.