"ഇറ്റ്‌സ് എ ബോയ്"; അച്ഛനായ സന്തോഷം പങ്കുവെച്ച് സൗബിന്‍, ഏറ്റെടുത്ത് ആരാധകര്‍

2019-05-11 03:07:13am |

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം ചിത്രങ്ങളോടെ സൗബിന്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചത്. 'ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് സൗബിന്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് സൗബിന്റെ ഭാര്യ. 2017 ഡിസംബര്‍ 16-നായിരുന്നു ഇരുവരുടേയും വിവാഹം. ജാമിയയുടെയും കുഞ്ഞിന്റെയും ചിത്രവും സൈബിന്‍ പങ്കുവെച്ചിട്ടുണ്ട്.

സഹസമവിധായകനായായിരുന്നു സൗബിന്റെ സിനിമ തുടക്കം. പിന്നീട് ചെറു വേഷങ്ങളില്‍ തിളങ്ങി. ഒടുവില്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലെ പി ടി മാഷിന്റെ വേഷത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി സൗബിന്‍ മാറി. പിന്നീട് സൗബിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൗബിന്‍ വേഷമിട്ടു.

സൗബിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പറവ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ നേടിയിരുന്നു.