Latest News

ജ്വാല ഗുട്ടയുമായുള്ള ബന്ധം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വെളിപ്പെടുത്തലുമായി വിഷ്ണു വിശാല്‍

2019-06-08 02:07:29am |

വിഷ്ണു വിശാല്‍ നായകനായി എത്തിയ തമിഴ് ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്‍. ചിത്രം വിജയകരമായി മുന്നേറുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹമോചനവും. തുടര്‍ന്ന് ചിത്രത്തില്‍ വിഷ്ണുവിന്റ നായികയായി എത്തിയ അമലപോളും താരവും തമ്മില്‍ പ്രണയത്തിലായെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ വിവാഹമോചനം അമലയ്ക്ക് വേണ്ടിയാണെന്നു വരെയായി പിന്നീടുള്ള വാര്‍ത്തകള്‍.

എന്നാല്‍ ഇതിനെതിരെ വിഷ്ണു രംഗത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ ഇല്ലാതായി. ഇപ്പോള്‍ വീണ്ടും താരത്തിനെതിരെ പ്രണയ പ്രചരണം എത്തിയിരിക്കുകയാണ്. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോഴുള്ള പ്രചരണം. ജ്വാലയ്‌ക്കൊപ്പമുള്ള ചിത്രം വിഷ്ണു പോസ്റ്റ് ചെയ്തതോടെയായിരുന്നു പുതിയ ഗോസിപ്പ്. ഈ ഗോസിപ്പിനും മറുപടിയുമായി വിഷ്ണു രംഗത്ത് എത്തി.

'' ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. '' വിഷ്ണു കുറിച്ചു.