ജ്യോതിഷപ്രകാരം അമ്മ ആവശ്യപ്പെട്ടു ; 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദ വീണ്ടും വിവാഹം കഴിച്ചു

ബോളിവുഡിലായാലും പ്രാദേശിക വേദിയായാലും ഇന്ത്യന്‍ സിനിമ ജ്യോതിഷവും ആത്മീയതയും വിട്ടൊരു കളിയില്ല. സിനിമയുടെ പൂജ മുതല്‍ റിലീസിംഗ് തീയതിക്ക് വരെ ജ്യോതിഷിയെയും സംഖ്യാ ശാസ്ത്രത്തെയും ആശ്രയിക്കുന്ന ഇന്ത്യന്‍ സിനിമയില്‍ ഈ കാര്യങ്ങള്‍ മുന്‍ നിര്‍ത്തി പേരു മാറുന്നവരും പേരില്‍ ഇംഗ്ലീഷ് അക്ഷരമാറ്റം വരുത്തുന്നവരും ഏറെയാണ്. ജ്യോതിഷത്തിലുള്ള അമിത വിശ്വാസം മൂലം ജ്യോതിഷി നിര്‍ദേശിച്ചത് അനുസരിച്ച് 49 ാം വയസ്സില്‍ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍ താരമായ ഗോവിന്ദ.
പക്ഷേ കക്ഷി രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത് സ്വന്തം ഭാര്യയെ തന്നെയാണ്. 30 വര്‍ഷം നീണ്ട ദാമ്പത്യത്തിനിടയിലാണ് രണ്ടാം തവണയും ഭാര്യ സുനിതയെ ഗോവിന്ദ വിവാഹം കഴിച്ചത്. ടെലിവിഷന്‍ ഷോ ആയ ആപ് കി അദാലത്തിലാണ് ഭാര്യയെ താന്‍ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്നും അത് തന്റെ അമ്മയുടെ തീരുമാനമാണെന്നും താരം വെളിപ്പെടുത്തിയത്. 1987ലാണ് ഗോവിന്ദയും സുനിതയും ആദ്യം വിവാഹിതരാകുന്നത്. തനിക്ക് ന്യൂമറോളജി, ജ്യോതിഷം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വിശ്വാസമാണെന്നും ഗോവിന്ദ പറഞ്ഞു.
ന്യൂമറോളജി പ്രകാരമാണ് താരം ഗോവിന്ദ എന്ന പേര് സ്വീകരിച്ചത്. നായകനു വേണ്ട രൂപമൊന്നും അന്ന് ഉണ്ടായിരുന്നില്ലാത്ത താരം അമ്മുടെ ഉപദേശപ്രകാരം സിനിമയില്‍ വിജയിക്കാനായി പതിനാലാം വയസ് മുതല്‍ ഇരുപത്തിനാല് ലക്ഷം തവണ ഗായത്രി മന്ത്രം ഉരുവിട്ടിരുന്നു. തിളങ്ങി നില്ക്കുന്ന കാലത്തായിരുന്നു ഗോവിന്ദ സുനിതയെ വിവാഹം കഴിച്ചത്. എന്നാല്‍ സിനിമയില്‍ കത്തി നില്ക്കുന്ന സമയമായിരുന്നതിനാല്‍ വിവാഹ വാര്‍ത്ത രഹസ്യമായിരിക്കുന്ന വിധത്തില്‍ സ്വകാര്യചടങ്ങായിട്ട് വിവാഹം നടത്തിയത്.
അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടന് വിവാഹിതനായാല്‍ ആരാധകര്‍ കൈവിടുമെന്ന് പേടിച്ചായിരുന്നു വിവാഹം രഹസ്യമാക്കി വെച്ചതെന്നും ഗോവിന്ദ പറയുന്നു. രംഗീല രാജയാണ് ഗോവിന്ദയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഭഗവാന് കേ ലിയേ മുജേ ചോഡ് ദോ, പിങ്കി ഡാര്‍ലിംഗ് ആന്‍ഡ് നാഷണല്‍ ഹീറോ എന്നിവയാണ് ഗോവിന്ദയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.