"മണിയന്‍ പിള്ള രാജുവിനെ ഞാന്‍ പ്രണയിച്ചിട്ടില്ല, ആ സമയത്ത് എനിക്ക് വേറെ കാമുകനുണ്ടായിരുന്നു"; ഷക്കീല പറയുന്നു

2019-08-02 02:09:46am |

നടി ഷക്കീലയ്ക്ക് നിര്‍മ്മാതാവും നടനുമായ മണിയന്‍ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണിയന്‍പിള്ള രാജുവിനോട് ഇഷ്ടം തോന്നി ഷക്കീല പ്രേമലേഖനം എഴുതിയെന്നും ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജു പണം നല്‍കി സഹായിച്ചിരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഛോട്ട മുംബൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഇതൊക്കെ നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ഈ വാര്‍ത്തയെ കുറിച്ച് മണിയന്‍പിള്ള രാജു നേരത്തെ പ്രതികരിച്ചിരുന്നു. ഷൂട്ടിംഗിനിടെ അമ്മയുടെ ശസ്ത്രക്രിയ്ക്ക് വേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍ അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിന് വരും. കഴിഞ്ഞാല്‍ അത് പോലെ മടങ്ങി പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞത് പോലെ എനിക്കൊരു പ്രണയലേഖനം കിട്ടിയിട്ടൊന്നുമില്ലെന്നുമാണ് മണിയന്‍പിള്ള രാജു വ്യക്തമാക്കിയിരുന്നത്.

ഇപ്പോള്‍ ഈ വാര്‍ത്തയെ കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഷക്കീല തുറന്നു പറഞ്ഞു. '' ഇതിലൊന്നും സത്യമില്ല. എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖ ബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും. എന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല.

ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചിരുന്നു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവുമില്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അത് കൊണ്ട് മൗനം പാലിച്ചു. 2007-ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ അമ്മ രോഗബാധിതയായി. അടിയന്തര ശസ്ത്രക്രിയയയ്ക്ക് ഒരുപാട് പണം വേണ്ടി വന്നിരുന്നു. ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായില്ലെങ്കിലും മണിയന്‍പിള്ള രാജു പ്രതിഫലം മുന്‍കൂറായി തന്നു'' - ഷക്കീല വ്യക്തമാക്കുന്നു.