"നീല നിറം പ്രണയത്തിനുള്ളതാണ്"; അനൂപ് മേനോനോട് മോഹന്‍ലാല്‍!

2019-08-05 02:32:10am |

നടന്‍ അനൂപ് മേനോന്റെ ജന്മദിനമായിരുന്നു ഓഗസ്റ്റ് മൂന്നിന്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നത്. അക്കൂട്ടത്തില്‍ തനിക്ക് കിട്ടിയ ഒരു അമൂല്യ പിറന്നാള്‍ സമ്മാനത്തെ കുറിച്ച് പറയുകയാണ് അനൂപ് മേനോന്‍. നടന്‍ മോഹന്‍ ലാലിന്റേതായിരുന്നു സമ്മാനം. സമ്മാനത്തോടൊപ്പം താരം അയച്ച കുറിപ്പാണ് അനൂപിനെ ആകര്‍ഷിച്ചത്.

'ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍, നീല നിറം പ്രണയത്തിനുള്ളതാണ്' എന്നായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. അനൂപ് മേനോന്‍ അവസാനം അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ സംഭാഷണമായിരുന്നു ഈ വാചകങ്ങള്‍. തന്റെ വല്യേട്ടനും ഏറ്റവും അടുത്ത സുഹൃത്തുമായ ലാലേട്ടനില്‍ നിന്നും ലഭിച്ച സമ്മാനം എത്ര അര്‍ഥവത്തായിരിക്കുന്നുവെന്നും സ്‌നേഹം മാത്രമെന്നും അനൂപ് പറയുന്നു.

സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ അനൂപ് മേനോന്‍ ആദ്യമായി തിരക്കഥാകൃത്താകുന്നത് ' പകല്‍ നക്ഷത്രങ്ങള്‍' എന്ന സിനിമയ്ക്കുവേണ്ടിയാണ്. അതേ ചിത്രത്തില്‍ മോഹന്‍ലാലും അനുപും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. റോക്ക് ആന്‍ഡ് റോള്‍, ഗ്രാന്റ് മാസ്റ്റര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.