ഇന്ത്യന്‍ സിനിമയില്‍ ലൈംഗികത വലിയ പാപം; വെബ് സീരിസ് "സേക്രഡ് ഗെയിംസ്" ആരും കുടുംബസമേതം കാണുന്നില്ല; അനുരാഗ് കശ്യപ്

2019-08-07 02:26:47am |

ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ നെറ്റ്ഫ്ളിക്സ് നിര്‍മിക്കുന്ന വെബ് സീരിസാണ് 'സേക്രഡ് ഗെയിംസ്'. സെയ്ഫ് അലിഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവര്‍ ഒന്നിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേര്‍ന്നാണ്. ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക തികവോടെ എത്തിയ ആദ്യ സീസണ്‍ വന്‍ ഹിറ്റായിരുന്നു. 'സേക്രഡ് ഗെയിംസ്' രണ്ടാം സീസണ്‍ ആഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കുകയാണ്.

വിക്രം ചന്ദ്രയുടെ പ്രശസ്തമായ സേക്രഡ് ഗെയിംസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മ്മിച്ചിട്ടുള്ളത്. വിക്രമാദിത്യ മോഠ്വാനി അനുരാഗ് കശ്യപും ഒരുമിച്ചാണ് സേക്രഡ് ഗെയിംസ് ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. പുതിയ സീസണില്‍ വിക്രമാദിത്യ മോഠ്വാനിക്ക് പകരം നീരജ് ഗെയ്വാനി സംവിധായകനായി എത്തുന്നു. മുംബൈ അധോലോകവും ഭീകരവാദവും രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ കഥയാണു 'സേക്രഡ് ഗെയിംസ്'. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന സിഖ് പൊലീസുകാരന്റെ അന്വേഷണങ്ങളുമാണ് സേക്രഡ് ഗെയിംസ്.

'സേക്രഡ് ഗെയിംസ്' രണ്ടാം സീസണ്‍ ആഗസ്റ്റ് 15-ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ലൈംഗികത, മതം, രാഷ്ട്രീയം എന്നീ മൂന്ന് വലിയ 'നോ'കള്‍ ഉണ്ട്, ആ മൂന്നിനേയുമാണ് സേക്രഡ് ഗെയിംസ് അഭിസംബോധന ചെയ്യുന്നത്. സേക്രഡ് ഗെയിംസില്‍ ചോരയും, ലൈംഗികതയും, അക്രമവുമുണ്ട്. മുഖ്യധാരാ സിനിമയില്‍ അങ്ങനെയൊന്നു ചെയ്യാനും പ്രേക്ഷക സ്വീകാര്യത ലഭിക്കാനും പ്രയാസമാണ്. 'ഇന്ത്യയില്‍ സിനിമ കാണുന്നത് ഒരു കുടുംബാനുഭവമാണ്, ഒരു കമ്മ്യൂണിറ്റി അനുഭവമാണ്. അതുകൊണ്ടു തന്നെ സേക്രഡ് ഗെയിംസ് കാണാന്‍ ആരും കുടുംബവുമൊത്ത് ഇരിക്കില്ല'- അനുരാഗ് കശ്യപ് പറയുന്നു.