Latest News

ഡോക്ടറാക്കാനായിരുന്നു ബാപ്പയുടെ സ്വപ്നം; എന്നെ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ച ബാപ്പയ്ക്കാണ് എന്റെ ഈ ഡോക്ടറേറ്റ് ബിരുദം; മമ്മൂട്ടി പറയുന്നു

2019-08-09 03:45:32am |

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. അഹങ്കാരിയായ വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ അത് സമ്മതിക്കില്ല. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ് എല്ലാവരും പറയുന്നത്. 2010-ല്‍ കേരള സര്‍വകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച വേളയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ലാളിത്യവും രാഷ്ട്രീയവും നിലപാടുകളുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

'' മമ്മൂട്ടിയ്ക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍ പോലും പറയും, എന്നാല്‍ അത് കെട്ടിലും മട്ടിലും മാത്രമേയുള്ളൂ. ഉള്ളൊന്നു ചികഞ്ഞാല്‍ ഞാന്‍ നിങ്ങളെ പോലെ സ്നേഹവും കാരുണ്യവും വാത്സല്യവും വികാരവായ്പുമെല്ലാമുള്ള മനുഷ്യനാണ്. ഇല്ലാത്ത പാണ്ഡിത്യത്തിന് കിട്ടിയ ആദരവാണ് ഇത്. എന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹം. സിനിമാമോഹം തലയ്ക്കു പിടിച്ച് തിയേറ്ററുകളില്‍ അലയുന്നതിനിടയില്‍ കെമിസ്ട്രി പരീക്ഷയില്‍ തോറ്റു പോവുകയും അതോടെ ബാപ്പയുടെ ഡോക്ടര്‍ മോഹം തകരുകയും ചെയ്തു. എന്നെ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ച ബാപ്പയ്ക്കാണ് എന്റെ ഈ ഡോക്ടറേറ്റ് ബിരുദം.

ഒരു വ്യക്തിയുടെ സ്വഭാവത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വിദ്യഭ്യാസകാലഘട്ടമാണ് എന്റെ തലമുറയിലെ ശരാശരി വിദ്യാര്‍ത്ഥി കടന്നുപോയ ദുര്‍ഘടം പിടിച്ച പാതയിലൂടെ തന്നെയാണ് ഞാനും ചവിട്ടി കയറിയത്. അലഞ്ഞും തിരഞ്ഞും പഠിച്ചും പഠിക്കാതെയും ചിരിച്ചും കരഞ്ഞും കലഹിച്ചും സ്നേഹിച്ചും നീങ്ങിയ ആ ദിനങ്ങള്‍ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ഇതിനെല്ലാം ഇടയില്‍ ജാതിക്കും മതത്തിനും സമുദായത്തിനും അനീതിക്കും അതീതമായി ചിന്തിക്കുന്ന വികാരവിക്ഷോഭങ്ങളുടെയും മൂല്യങ്ങളുടെയും ശക്തിയാണ് നിങ്ങളറിയുന്ന മമ്മൂട്ടി എന്ന ജേതാവിനെ സൃഷ്ടിച്ചത്. സങ്കുചിതവും വിഭാഗീയവും പ്രാകൃതവുമായ വഴിത്താരയില്‍ നിന്ന് കേരളം മാറി നടന്നതിന്റെ ഉത്പന്നമാണ് മമ്മൂട്ടി എന്ന നടന്‍. മലയാളിയായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി.

മമ്മൂട്ടിയുടെ രാഷ്ട്രീയമെന്തെന്ന് പലരും ചോദിക്കാറുണ്ട്. ജാതിക്കും മതത്തിനും മറ്റു വേര്‍ത്തിരിവുകള്‍ക്കും അതീതമായി ചിന്തിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയാണ് എന്റെ രാഷ്ട്രീയം. ഈ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ഏതൊരു വ്യക്തിയോടും പ്രസ്ഥാനത്തോടും ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ ഇടതും വലതുമുണ്ടായിരുന്ന സഹപാഠിയുടെ ജാതിയോ മതമോ സാമൂഹിക സാമ്പത്തിക സാഹചര്യമോ ഞാന്‍ ആരാഞ്ഞിരുന്നില്ല. എന്റെ തലമുറയുടെ പ്രത്യേകതയും അതായിരുന്നു. മമ്മൂട്ടി എന്ന നടനുള്ള സ്വീകാര്യത വ്യക്തിയുടെ നേട്ടമല്ല, മറിച്ച് അയാള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്റെ ശക്തിയാണ്'' - മമ്മൂട്ടി പറയുന്നു.