Latest News

വിലക്ക് ഭീഷണി; വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ ചേരാന്‍ നടിമാരില്ല

2017-06-01 01:40:10am |

മലയാള സിനിമയിലെ പുതിയ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് തുടക്കത്തില്‍ തന്നെ തര്‍ക്കങ്ങളും കല്ലുകടിയും ഉണ്ടായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി മാല പാര്‍വതി തുടങ്ങിയവരെ സംഘടനയില്‍ സഹകരിപ്പിച്ചില്ലെന്ന ആരോപണത്തിന്റെ പേരിലായിരുന്നു തുടക്കത്തിലെ കല്ലുകടി. എന്നാല്‍ തുടക്കത്തില്‍ തന്നെ സംഘടയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരസംഘടനയായ അമ്മയുടെ അപ്രഖ്യാപിത വിലക്കും ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുമാണ് ഇതിന് കാരണം.

പുതിയ സംഘടയില്‍ ചേര്‍ന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് യുവനടിമാര്‍ ഭയക്കുന്നതും സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ കാരണമാണ്. നടിമാരില്‍ നല്ലൊരു ശതമാനവും പുതിയ സംഘടനയില്‍ ചേരാന്‍ മടിക്കുകയാണ്. നടി ഭാവനയ്ക്ക് നേരിടേണ്ടി വന്ന അപ്രഖ്യാപിത വിലക്കാണ് ഇതിന് കാരണം. സംഘടന പ്രഖ്യാപിച്ചതോടെ അമ്മയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ശക്തമായിട്ടുണ്ട്. ഇടത് അനുഭാവികളെ മാത്രമാണ് സംഘടനയില്‍ ചേര്‍ത്തതെന്ന ആരോപണവും ശക്തമാണ്.

ഇടത് എം.പിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റും സംഘടനയോട് അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തുടക്കത്തില്‍ തന്നെ സംഘടയുടെ പ്രവര്‍ത്തനം മരവിച്ച നിലയിലാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, സംവിധായികമാരായ വിധു വിന്‍സന്റ്, അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്.