ആളുമാറി മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചു ; അബദ്ധം മനസിലായി മൂന്നാം ദിവസം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു

2017-06-09 01:51:00am |

എടക്കര(മലപ്പുറം): ചുങ്കത്തറ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ മാറി. ആളുമാറിയതറിയാതെ ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചു. അബദ്ധം മനസിലായതോടെ മൂന്നാം ദിവസം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം ആശുപത്രിയിലെത്തിച്ചു.

വഴിക്കടവ് വരക്കുളത്തെ പരേതനായ കൊച്ചുപറമ്പില്‍ പൗലോസിന്റെ ഭാര്യ മറിയാമ്മ (85)യുടെ മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുട്ടിക്കടവ് തറയില്‍ പുത്തന്‍വീട് ഏലിയാമ്മയും(80) മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചുങ്കത്തറയിലെ സ്വകാര്യആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.

മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് വിവരങ്ങളടങ്ങിയ ടാഗ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കാത്തതാണ് മാറിപ്പോകാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏലിയാമ്മയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മൃതദേഹം മാറിയതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആരും ഗൗനിച്ചില്ല. സംശയം തോന്നിയ ചിലര്‍ വ്യാഴാഴ്ച ആശുപത്രിയിലെത്തി മൃതദേഹം കണ്ടതോടെയാണ് മാറി സംസ്‌കരിച്ച വിവരം പുറത്തറിയുന്നത്. നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും എടക്കര പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. സംഭവത്തെത്തുടര്‍ന്ന് മറവ് ചെയ്ത മറിയാമ്മയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കി.

ഏലിയാമ്മയുടെ മൃതദേഹം വിട്ടുകിട്ടിയതോടെ ബന്ധുക്കള്‍ ഉച്ചക്ക് രണ്ട് മണിക്ക് മുട്ടിക്കടവ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംസ്‌കരിച്ചു. മറിയാമ്മയുടെ മൃതദേഹം മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ന് വഴിക്കടവ് ഐ.പി.സി ചര്‍ച്ചിന്റെ മുപ്പിനി സെമിത്തേരിയില്‍ നടക്കും. വിദേശത്തുളള മകന്‍ എത്തേണ്ടതിനാലാണ് സംസ്‌കാരം ഇന്നേയ്ക്കു നിശ്ചയിച്ചത്