അനുമോദനച്ചടങ്ങിന് എത്തിയ വിദ്യാർഥിക്ക് വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ ദാരുണാന്ത്യം; മരിച്ചത് ചെന്നൈ ഐഐടിയില്‍ നേവല്‍ ആര്‍ക്കിടെക്ചറിന് പ്രവേശനം നേടിയ വിദ്യാര്‍ഥി

2017-07-04 01:49:49am |

ബത്തേരി ∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്കൂൾ ടോപ്പറായതിന്റെ അനുമോദനച്ചടങ്ങിന് എത്തിയ വിദ്യാർഥി വെള്ളച്ചാട്ടത്തിലെ പാറയിടുക്കിൽ വീണ് മരിച്ചു. ബത്തേരി ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് വിജയിച്ച ആലപ്പുഴ കരുവാറ്റ കനാൽ വാർഡ് സുധാ നിവാസിൽ സിജിയുടെ മകൻ എസ്. എസ്. റോഷ്(17) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ മേപ്പാടി ചോലമല വനമേഖലയിലെ വെള്ളച്ചാട്ടത്തിലായിരുന്നു ദുരന്തം.

ഇന്നു നടക്കുന്ന അനുമോദനച്ചടങ്ങിന് പോകാനൊരുങ്ങവെ സ്കൂളിലെ സഹപാഠികളായിരുന്ന കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു റോഷ്. വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് തെന്നലുള്ള പാറയിൽ ചവിട്ടിയപ്പോൾ കാൽ വഴുതി താഴെ വെള്ളം നിറഞ്ഞ പാറയിടുക്കില്‍ വീഴുകയായിരുന്നു. ചുഴിയിൽ കുരുങ്ങി വെള്ളത്തിലേക്കാഴ്ന്നു പോയ റോഷിനെ രക്ഷിക്കാൻ ഒപ്പമുള്ളവർക്കായില്ല. ജനവാസ കേന്ദ്രമല്ലാതിരുന്നതിനാൽ നാട്ടുകാരെ വിവരമറിയിക്കാനും വൈകി.

പതിനൊന്നരയോടെ അഗ്നിശമനസേന സ്ഥലത്തെത്തി ഒന്നര മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ്  വെള്ളക്കുഴിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. എളുപ്പത്തിൽ എത്താന്‍ കഴിയാത്ത സ്ഥലമാണിത്. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയില്‍. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആലപ്പുഴയിലേക്ക് കൊണ്ടു പോകും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വയനാട് ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു റോഷ്. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കോടെ ചെന്നൈ ഐഐടിയിൽ നേവൽ ആർക്കിടെക്ചറിന് പ്രവേശനം നേടിയ റോഷ് കഴിഞ്ഞ ദിവസമാണ് വയനാട്ടിലെത്തിയത്. മേപ്പാടിയിലുള്ള സഹപാഠിയുടെ ഹോംസ്റ്റേയിൽ തങ്ങിയ ശേഷം ഇന്നലെ രാവിലെ കുളിക്കാനായി കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തുകയായിരുന്നു. റോഷിന്റെ നിര്യാണത്തെ തുടർന്ന് സ്കൂളിലെ അനുമോദന ചടങ്ങുകൾ റദ്ദാക്കി. ശ്രീജയാണ് മാതാവ്. സഹോദരി റിയ.