കടയുടെ സണ്‍ഷേഡിന്റെ കമ്പി തുളച്ചുകയറി ബസ്‌ യാത്രക്കാരിക്കു ദാരുണാന്ത്യം

2017-07-06 04:21:42am |

കണ്ണൂര്‍: എതിരേ വന്ന ലോറിയെയും പശുക്കളെയും ഇടിക്കാതിരിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. ഫാസ്‌റ്റ്‌ ബസ്‌ വെട്ടിക്കുന്നതിനിടെ കടയുടെ സണ്‍ഷേഡിന്റെ കമ്പി തുളച്ചുകയറി യാത്രക്കാരിക്കു ദാരുണാന്ത്യം.
ചെമ്പേരി കംബ്ലാരി പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(62)യാണ്‌ മരിച്ചത്‌. മണക്കടവില്‍ നിന്നു പാലാ വഴി പൊന്‍കുന്നത്തേക്കു പുറപ്പെട്ട കെ.എല്‍. 15 എ 1214 ഫാസ്‌റ്റാണ്‌ അപടത്തില്‍പ്പെട്ടത്‌.

ഇന്നലെ രാവിലെ ഏഴിനു തളിപ്പറമ്പ്‌-ആലക്കോട്‌ റോഡില്‍ ടാഗോര്‍ വിദ്യാനികേതനു സമീപമായിരുന്നു സംഭവം. ബസിന്റെ ഷട്ടറിലൂടെ അകത്തേക്കു കുത്തിക്കയറിയ കമ്പി ത്രേസ്യാമ്മയുടെ കഴുത്തിലാണു തുളഞ്ഞു കയറിയത്‌. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു യാത്രക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.നിയന്ത്രണം നഷ്‌ടപ്പെട്ട ബസ്‌ ബി.എസ്‌.എന്‍.എല്ലിന്റെ ടെലിഫോണ്‍ തുണിലാണ്‌ ആദ്യം ഇടിച്ചത്‌.

ചെമ്പേരി ലൂര്‍ദ്‌ മാതാ ഫൊറോനാപ്പള്ളിയിലെ ശുചീകരണത്തൊഴിലാളിയാണ്‌ ത്രേസ്യാമ്മ . അസുഖമായി കിടക്കുന്ന മൂത്ത സഹോദരി അന്നമ്മയെ കാണാന്‍ ഇടുക്കി നെടുങ്കണ്ടത്തേക്കു പോകുകയായിരുന്നു. സഹോദരന്‍ മാത്യുവും കൂടെയുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: ബെന്നി (പെയിന്റര്‍), ബിനു, ബിനോയി, അല്‍ഫോണ്‍സ. മരുമക്കള്‍: ജോളി (എവര്‍ഗ്രീന്‍ ബ്യൂട്ടി പാര്‍ലര്‍, ചെമ്പേരി), ബൈജു(പുല്‍പ്പള്ളി).