Latest News

അന്ന് രാജേഷ് പിള്ള...ഇന്ന് ദീപൻ! അവസാന ചിത്രം വെള്ളിത്തിരയിൽ എത്തും മുൻപ് ജീവിതത്തിന്റെ ക്ലൈമാക്സ്

2017-03-14 02:42:14am |

അന്ന് രാജേഷ് പിള്ള... ഇന്ന് ദീപൻ. പൂർത്തീകരിച്ച സിനിമ അഭ്രപാളിയിൽ കാണാൻ കഴിയാതെ ജീവിതത്തിന്റെ ക്ലൈമാക്സിലേക്ക് നടന്നു കയറിയവർ. വേട്ട എന്ന സിനിമ കാണാൻ സാധിക്കാതെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പിൻഗാമിയായി രോഗത്തിലും മരണത്തിലും ദീപനും മാറി. ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ റിലീസ് ആകും മുൻപാണ് ദീപനും കരൾ രോഗത്തെ തുടർന്ന് മരണത്തിലേക്ക് നടന്നു കയറിയത്.

‘വേട്ട’യുടെ ഷൂട്ടിങ് തുടങ്ങിയ സമയം മുതൽ രാജേഷ് പിള്ള ആശുപത്രിയിലായിരുന്നു. 20 ദിവസത്തോളം കിടന്ന ശേഷമാണ് ആദ്യ ഷെഡ്യൂളിനായി പോയത്. അവസാനത്തെ മൂന്നുനാല് ദിവസം ആശുപത്രിയിൽ നിന്നു പോയിവരികയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി തെന്മലയിലേക്ക് പോകുമ്പോൾ ആകെ ക്ഷീണിതനായിരുന്നു.

ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ പിന്നെയും അസുഖം കൂടി. പക്ഷേ, ജോലി തീർക്കാതെ ആശുപത്രിയിലേക്കില്ലെന്ന് വാശിയായിരുന്നു. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയിലായിരുന്നു പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ‍നടന്നത്. അതുകഴിഞ്ഞ് വന്നാണ് ആശുപത്രിയിൽ പോയി അഡ്മിറ്റായത്. പിന്നീട് ചിത്രം കാണാതെ തന്നെ രാജേഷ് പിള്ള മരണത്തിന് കീഴടങ്ങുകയായിരുന്നു.

താന്‍ ജീവിതത്തില്‍ ഏറ്റവുമധികം കഷ്ടപ്പെട്ട് എടുത്ത സിനിമ അഭപ്രാളിയിലെത്തുന്നത് കാണാന്‍ നില്‍ക്കാതെയാണ് സംവിധായകന്‍ ദീപന്നും യാത്രയായത്. ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന ചിത്രത്തിന്റെ ഡബ്ബിങ് വരെ പൂര്‍ത്തിയായശേഷമാണ് ദീപന്‍ രോഗബാധിതനായതും ഒടുവില്‍ മരണത്തിന് കീഴടങ്ങിയതും. മികച്ചൊരു ആക്ഷന്‍ ത്രില്ലറായിരുന്നു സത്യയെന്ന് ജയറാം പറയുന്നു.

‘ഷൂട്ടിങ് സമയത്തും ഇടയ്ക്ക് അദ്ദേഹം വല്ലാതെ ക്ഷീണിതനായിരുന്നു.. എല്ലാ സമയത്തും അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു ഞാന്‍. സിനിമയുടെ വര്‍ക്കുകളൊക്കെ, എന്റെ ഡബ്ബിങ് ഉള്‍പ്പെടെയുള്ളതെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. ഒരുപക്ഷെ, ദീപന്റെ ജീവിതത്തില്‍ അദ്ദേഹം ഏറ്റവും കഷ്ടപ്പെട്ട് ജീവന്‍ പകര്‍ന്ന ചിത്രമാണ് സത്യം. പക്ഷെ അത് കാണാനുള്ള ഭാഗ്യം ദൈവം കൊടുത്തില്ല"-ജയറാം പറഞ്ഞു. ഷാജി കൈലാസിന്റെ കൂടെ ദീപന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന കാലം മുതല്‍ക്കേ തനിക്ക് ദീപനുമായി അടുപ്പമുണ്ടെന്നും ജയറാം അനുസ്മരിച്ചു.