Latest News

ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.ഇ. മാമ്മന്‍ അന്തരിച്ചു

2017-07-27 02:50:00am |

തിരുവനന്തപുരം: സ്വാതന്ത്ര്യസമര പോരാളിയും ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.ഇ. മാമ്മന്‍ (97) അന്തരിച്ചു. നെയ്യാറ്റിന്‍കര നിംസ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം.
സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു രണ്ടിന്‌ ശാന്തികവാടത്തില്‍ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. "തീപ്പൊരി ഗാന്ധിയന്‍" എന്ന്‌ അറിയപ്പെട്ടിരുന്ന അദ്ദേഹം മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നിരുന്നു.സഹോദരന്‍ കെ.ഇ. ഉമ്മന്റെ മകനോടൊപ്പം തലസ്‌ഥാനത്തെ കുന്നുകുഴി ഈപ്പന്‍വില്ലയിലായിരുന്നു താമസം. അവിവാഹിതനായിരുന്നു.

കോട്ടയം കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളില്‍ ആറാമനായാണ്‌ കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്‌. നാഷനല്‍ ക്വയിലോണ്‍ ബാങ്ക്‌ മാനേജരായിരുന്നു കെ.സി. ഈപ്പന്‍. 1921 ജൂെലെ 31-ന്‌ തിരുവനന്തപുരത്തായിരുന്നു ജനനം.
വീട്‌ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നതിനാല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടക്കുന്ന പ്രസംഗങ്ങളും മറ്റും സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ ശ്രദ്ധിച്ചിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തുളള പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിലും പഠിച്ചു.

തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ട്രാവന്‍കൂര്‍ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ പ്രസിഡന്റായി. കോട്ടയം തിരുനക്കരയില്‍ നടന്ന യോഗത്തില്‍ സ്വാതന്ത്ര്യസമരത്തിനായി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്‌തതിന്റെ പേരില്‍ ജയിലിലായി. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം മാമ്മന്റെ ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്‌ടിച്ചു. സര്‍ സി.പി. നാഷനല്‍ ക്വയിലോണ്‍ ബാങ്ക്‌ പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്‌തപ്പോള്‍ കെ.സി. ഈപ്പനും ജയിലിലായി. അവിടെവച്ച്‌ പിതാവ്‌ മരിച്ചു.സി.പിക്കെതിരായ പ്രവര്‍ത്തനം മാമ്മന്റെ വിദ്യാഭ്യാസത്തെ തകിടം മറിച്ചു. തിരുവിതാംകൂറില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കാന്‍ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല.

തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജില്‍ സര്‍ സി.പിക്കെതിരേ പ്രസംഗിച്ചതിനെത്തുടര്‍ന്ന്‌ അവിടെനിന്നു പുറത്താക്കി. എറണാകുളം മഹാരാജാസില്‍ ്ര്രപവേശനം നിഷേധിക്കപ്പെട്ടതോടെ തിരുവിതാംകൂറിനു പുറത്തുള്ള തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. 1940ല്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നെങ്കിലും 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ പഠനം അവസാനിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്‌ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു. 1943-ല്‍ നാട്ടില്‍ തിരിച്ചെത്തിയ മാമ്മന്‍ ദേശീയപ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഇരുപത്തിരണ്ടാം വയസില്‍ താമസം തിരുവല്ലയിലേക്കു മാറ്റി. തുടര്‍ന്ന്‌ തിരുവല്ലയും കോട്ടയവും പ്രവര്‍ത്തനകേന്ദ്രമായി. 1996-ല്‍ വീണ്ടും തലസ്‌ഥാനത്തേക്ക്‌ താമസം മാറ്റി. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയായിരുന്നു ജീവിതം. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മുറുകെപ്പിടിച്ച അദ്ദേഹം ഒറ്റയാന്‍ സമരങ്ങള്‍ക്കു മടിച്ചിരുന്നില്ല. സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണു ചെലവഴിച്ചിരുന്നത്‌.

രാമാശ്രമം അവാര്‍ഡ്‌, ലോഹ്യാ വിചാരവേദിയുടെ അവാര്‍ഡ്‌, ടി.കെ.വി. ഫൗണ്ടേഷന്‍ അവാര്‍ഡ്‌ തുടങ്ങിയവ ലഭിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരേ നടത്തുന്ന ധീരമായ പോരാട്ടത്തിന്‌ 1995-ല്‍ കോട്ടയം െവെ.എം.സി.എ. മദര്‍ തെരേസ പുരസ്‌കാരം നല്‍കി ആദരിച്ചു.