Latest News

മഴ നനയാതിരിക്കാന്‍ കയറിനിന്ന വീട്‌ ഇടിഞ്ഞുവീണ്‌ വയോധിക മരിച്ചു

2017-08-05 03:14:02am |

റാന്നി: മഴ നനയാതിരിക്കാന്‍ കയറിനിന്ന വീട്‌ ഇടിഞ്ഞുവീണ്‌ വയോധിക മരിച്ചു. കുടമുരുട്ടി കൊച്ചുകുളം ആനന്ദവിലായത്ത്‌ പരേതനായ ദാമോദരന്റെ ഭാര്യ പൊന്നമ്മ (85) യ്‌ക്കാണ്‌ ദാരുണാന്ത്യം സംഭവിച്ചത്‌.

പൊന്നമ്മയുടെ വീടിനടുത്ത്‌ പാറയടിയില്‍ ശശിയുടെ പുരയിടത്തിലെ ആള്‍പ്പാര്‍പ്പില്ലാത്തതും ജീര്‍ണിച്ചതുമായ വീടാണ്‌ ഇടിഞ്ഞുവീണത്‌. വ്യാഴാഴ്‌ച വൈകുന്നേരം പൊന്നമ്മ അവിടെ പുളി പെറുക്കാനായി പോയിരുന്നു. മഴ പെയ്‌തതോടെ പഴയ വീട്ടില്‍ കയറിനിന്നപ്പോഴാണ്‌ അപകടമുണ്ടായതെന്നു കരുതുന്നു.

മക്കള്‍ വ്യാഴാഴ്‌ച വൈകുന്നേരവും ഇന്നലെ രാവിലെയും അയല്‍പക്കത്തൊക്കെ അന്വേഷിച്ചിരുന്നു. ഇന്നലെ പകല്‍ ശശിയുടെ പറമ്പിലെത്തിയ മരുമകള്‍ ശാന്തമ്മയാണ്‌ പഴയ വീട്‌ ഇടിഞ്ഞുകിടക്കുന്നതും ഒരു കൈ മണ്ണിനടിയില്‍നിന്നു പുറത്തേക്ക്‌ നീണ്ടുനില്‍ക്കുന്നതും കണ്ടത്‌.
വീടിന്റെ അവശിഷ്‌ടങ്ങള്‍ നീക്കി പുറത്തെടുത്ത മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്നു പന്ത്രണ്ടിനു വീട്ടുവളപ്പില്‍ നടത്തും.