Latest News

നോവലിസ്റ്റ് ജോയ്സിയുടെ മകൻ ബൈക്കപകടത്തിൽ മരിച്ചു, സംസ്കാരം ഞായറാഴ്ച

2017-03-19 04:59:02am |

ബെംഗളൂരു ∙ മലയാള മനോരമ ആഴ്ചപ്പതിപ്പിലെ നോവലിസ്റ്റ് ജോയ്സിയുടെ മകൻ ബാലു ജോയ്സി (23) ബൈക്കപകടത്തിൽ മരിച്ചു. കോട്ടയം നട്ടാശ്ശേരി ചൊവ്വാറ്റുകുന്നേൽ കുടുംബാംഗമാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്നു മൂന്നിനു പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ. അമ്മ: ഇടുക്കി മുരിക്കാശ്ശേരി ഇടയാൽ സാലമ്മ. സഹോദരങ്ങൾ: മനു ജോയ്സി (സീരിയൽ സംവിധായകൻ), മീനു, സാനു.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഔട്ടർ റിങ് റോഡിലെ ഹെന്നൂർ ക്രോസിലായിരുന്നു അപകടം. അജ്ഞാത വാഹനം ഇടിച്ചിട്ടശേഷം പോകുകയായിരുന്നുവെന്നു ബാനസവാഡി ട്രാഫിക് പൊലീസ് അറിയിച്ചു. തലയ്ക്കു പിന്നിൽ സാരമായ പരുക്കോടെ ബാലുവിനെ റോഡിൽ കണ്ട വഴിയാത്രക്കാരാണു വിവരം പൊലീസിൽ അറിയിച്ചത്.

12.50ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹെബ്ബാൾ കെംപാപുരയിലെ താമസസ്ഥലത്തുനിന്ന് കമ്മനഹള്ളിയിലെ സുഹൃത്തുക്കളുടെ അടുത്തേക്കു പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്.

ബെംഗളൂരു എംബസി ഗോൾഫ് ലിങ്ക്സിൽ ഫിഡലിറ്റി ഫിനാൻസ് കമ്പനിയിൽ ഫിനാൻഷ്യൽ അനലിസ്റ്റായിരുന്നു. ഓസ്ട്രേലിയയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെയാണ് അന്ത്യം.