Latest News

സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു ; സംസ്‌ക്കാരം വൈകിട്ട് 4 ന് കോട്ടയത്ത് വീട്ടുവളപ്പില്‍

2017-09-27 02:37:47am |

കോഴിക്കോട്: പ്രമുഖ സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിഎംപി ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തെ ഇന്നലെ വൈകിട്ട് അസുഖം കുടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌ക്കാരം വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പിലായിരിക്കും.

സിഎംപി പൊളിറ്റ്ബ്യൂറോയില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ അദ്ദേഹത്തിന് ഇന്നലെ രാത്രിയോടെ ദേഹാസ്വാസ്ഥ്യം തോന്നുകയും ആശുപത്രിയിലാക്കുകയും ആയിരുന്നു. ദീര്‍ഘനാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് സിഎംപിയുടെ വിവിധ നേതാക്കള്‍ കോഴിക്കോട് ആശുപത്രിയില്‍ എത്തിയിരുന്നു. സിപിഎം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം സിപിഎമ്മിന്റെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി പദം വരെ അലങ്കരിച്ചു. പിന്നീട് എംവിരാഘവന്‍ പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹവും വിട്ടു.

സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായി വരെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സിഎംപിയിലെ ഒരു വിഭാഗം യുഡിഎഫില്‍ നിന്നും തിരികെ എല്‍ഡിഎഫിലേക്ക് വന്നത്. യുഡിഎഫില്‍ അര്‍ഹമായ സ്ഥാനം കിട്ടുന്നില്ലെന്ന പരാതി ഉയര്‍ത്തിയായിരുന്നു മടക്കം. അതിന് ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലകൊണ്ട വിഭാഗം എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു.