Latest News

കര്‍ണാടകയില്‍ വാഹനാപകടം: നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

2017-10-07 03:36:59am |

പത്തനംതിട്ട: കര്‍ണാടകയിലെ രാംനഗര്‍ ജില്ലയ്‌ക്കു സമീപം ബംഗളുരു-മൈസുരു ദേശീയപാതയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കല്ലൂപ്പാറ തുരുത്തിക്കാട്‌ മരുതിക്കുന്നില്‍ ജേക്കബ്‌ എം. തോമസിന്റെ മകന്‍ ജോയല്‍ ജേക്കബ്‌ (21), പത്തനംതിട്ട വെട്ടിപ്രം പൊയ്‌കയില്‍ സുദീപ്‌ സാം ജോസിന്റെ മകന്‍ നിഖിത്‌ ജോബ്‌ (19), പെരുമ്പാവൂര്‍ മഞ്ഞപ്ര മുതിരക്കള്ളിയില്‍ എല്‍ദോ എം. ജോസഫിന്റെ മകള്‍ ജീന(21), റെബേക്ക എന്നിവരാണു മരിച്ചത്‌.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ സംഗബസവന ഡോഡി ഗ്രാമത്തില്‍ കെമ്പനഹള്ളിക്കു സമീപമായിരുന്നു അപകടം. കാറില്‍ മൈസുരുവില്‍ പോയി മടങ്ങുകയായിരുന്നു നാല്‍വര്‍ സംഘം.

അമിതവേഗത്തിലായിരുന്ന കാര്‍ റോഡിലെ മീഡിയനില്‍ ഇടിച്ച്‌ നിയന്ത്രണംവിട്ട ശേഷം എതിര്‍വശത്തെ വരിയിലൂടെ വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രക്കിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. നാലുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ട്രക്ക്‌ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ വെട്ടിപ്പൊളിച്ചാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌. കാര്‍ ഓടിച്ചിരുന്ന ജോയല്‍ ഉറങ്ങിയതാണ്‌ അപകടകാരണമെന്നു കരുതുന്നു.
നാലു പേരും ദുബായിയിലെ സ്‌കൂളിലാണു പഠിച്ചിരുന്നത്‌. ഏറെക്കാലത്തിന്‌ ശേഷമുള്ള ഒത്തുചേരലിനുവേണ്ടി ഇവര്‍ വ്യാഴാഴ്‌ചയാണ്‌ നന്തിപ്പുരയിലെത്തിയതെന്നാണു വിവരം.

നന്തിപ്പുര രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ്‌. വിദ്യാര്‍ഥിയാണ്‌ ജോയല്‍. കൂട്ടുകാരെ ജോയല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി സഹപാഠികള്‍ക്കു പരിചയപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ മൈസുരുവിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി മടങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു നാട്ടിലേക്കു കൊണ്ടുവരും. ജോയലിന്റെ മാതാവ്‌ ആനിക്കാട്‌ പുന്നവേലില്‍ പ്രമാടക്കുഴിയില്‍ സോളി ജേക്കബ്‌. ഏക സഹോദരി ഷെറിന്‍ ജേക്കബ്‌. സംസ്‌കാരം പിന്നീട്‌.

നിഖിത്തിന്റെ മാതാവ്‌ ജെസി സുദീപ്‌. സഹോദരി നിഖിത. എറണാകുളം പാലാരിവട്ടം പൈപ്പ്‌ ലൈന്‍ റോഡില്‍ ഗ്രീന്‍ അവന്യൂവിലാണു താമസം. നിഖിത്ത്‌ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്‌. മൃതദേഹം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ പാലാരിവട്ടം ഷാരോണ്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ജൂണോയാണ്‌ ജീനയുടെ മാതാവ്‌. സഹോദരങ്ങള്‍: ജീവ, ജിനി. വെല്ലൂര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ബി.ബി.എ. പൂര്‍ത്തിയാക്കി.