Latest News

10 മാസത്തെ ശമ്പളകുടിശ്ശിക കിട്ടിയില്ല; ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മോശം സമീപനവും; യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു

2017-03-24 02:48:51am |

തിരുവനന്തപുരം: ജോലിയില്‍നിന്നു പിരിച്ചുവിട്ട് 10 മാസമായിട്ടും ശമ്പളക്കുടിശിക ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. മൃതദേഹവുമായി സെക്രട്ടേറിയറ്റിനുമുന്നില്‍ സുഹൃത്തുക്കളുടെ പ്രതിഷേധം. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീഷ് കുമാറാ(41)ണു തലസ്ഥാനത്തെ ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

നാലു വര്‍ഷമായി കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ജഗദീഷ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണു ജോലി ചെയ്തിരുന്നത്. ഒക്‌ടോബറില്‍ ജഗദീഷടക്കം 954 പേരെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. തൊഴില്‍ നഷ്ടപ്പെട്ടതിനുപുറമേ ശമ്പളവും കുടിശികയായതോടെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. െഹെക്കോടതിയെ സമീപിച്ചപ്പോള്‍ മൂന്നു മാസത്തിനകം ശമ്പളം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും അഞ്ചുമാസമായിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മന്ത്രിസഭാ യോഗം നടക്കുന്നെന്നറിഞ്ഞ് ജഗദീഷ് തിരുവനന്തപുരത്ത് എത്തിയത്.

തനിക്കൊപ്പം ജോലി നഷ്ടപ്പെട്ടവരോടു തിരുവനന്തപുരത്ത് എത്താനും ജഗദീഷ് അറിയിച്ചിരുന്നു. രാവിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ ജഗദീഷിന് മോശം സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പണം നല്‍കാനാകില്ലെന്നു പറഞ്ഞ ജീവനക്കാര്‍ നിങ്ങള്‍ ചെയ്തതു സേവനമായി കണ്ടാല്‍ മതിയെന്നു പറഞ്ഞ് ആക്ഷേപിച്ച് ഇറക്കിവിട്ടു. ഇതില്‍ മനംനൊന്ത് ഓഫീസില്‍നിന്ന് ഇറങ്ങി സുഹൃത്ത് കൃഷ്ണ വര്‍മ രാജയോടൊപ്പം ലോഡ്ജ് മുറിയിലെത്തിയ ജഗദീഷ് പിന്നീട് പുറത്തു പോയില്ല. സുഹൃത്തിനോട് തലവേദനയാണെന്നു പറഞ്ഞ് മുറിക്കുള്ളില്‍ത്തന്നെ കഴിയുകയായിരുന്നു. കൃഷ്ണ വര്‍മ തിരിച്ചെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ചപ്പോള്‍ ജഗദീഷിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

താന്‍ മരിച്ചാലെങ്കിലും കുടുംബത്തിനു പണം ലഭിക്കുമെന്നു ജഗദീഷ് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. അവിവാഹിതനായ ജഗദീഷിനു പ്രായമായ അമ്മയുമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ ജഗദീഷിന്റെ മൃതദേഹവുമായി സുഹൃത്തുക്കള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധിച്ചു.

ആത്മഹത്യയ്ക്ക് സര്‍ക്കാരാണ് കാരണക്കാരെന്ന് ആരോപിച്ചു നടത്തിയ പ്രതിഷേധത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. െശെലജയെ നേരില്‍ക്കണ്ടപ്പോള്‍ കുടിശികത്തുക മുഴുവന്‍ നല്‍കാനാകില്ലെന്ന നിലപാടാണു മന്ത്രി സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജഗദീഷ് അടക്കമുള്ളവരെ താല്‍ക്കാലികമായി ജോലിക്കെടുത്തത്. ആരോഗ്യമേഖലയില്‍ നിലവില്‍ നിരവധി ഒഴിവുകളുണ്ടെന്നിരിക്കെയാണ് ഇവരെ പിരിച്ചുവിട്ടത്. മുഴുവന്‍ പണവും അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ജഗദീഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.