Latest News

പുനത്തിൽ ഇനി ഓർമ്മ; പൂര്‍ണ്ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

2017-10-28 03:16:36am |

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഇനി ഓർമ്മ. ജന്മനാടായ മടപ്പള്ളിയിലെ കാരക്കാട് ജുമാമസ്ജിദിൽ പുനത്തിലിന്റെ ഭൗതിക ശരീരം ഖബറടക്കി. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വ്യാഴാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. കോഴിക്കോട് വടകരയില്‍ ജനിച്ച അദ്ദേഹത്തിന് കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.