Latest News

പൊള്ളാച്ചിയില്‍ കനാലില്‍ കാര്‍ ബന്ധുക്കളായ മൂന്നു യുവാക്കളും സുഹൃത്തും മരിച്ചു

2017-12-11 02:40:46am |

അങ്കമാലി: വിനോദയാത്രയ്‌ക്കു പോയവരുടെ കാര്‍ നിയന്ത്രണംവിട്ടു കനാലിലേക്കു മറിഞ്ഞു ബന്ധുക്കളായ മൂന്നു യുവാക്കളും സുഹൃത്തും മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഏഴാറ്റുമുഖം കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ പോള്‍ (20), കാലടി മാണിക്യമംഗലം കോലഞ്ചേരി കെ.പി. ഔസേഫിന്റെ മകന്‍ ജാക്‌സന്‍ (20), അയ്യമ്പുഴ ചുള്ള കോളാട്ടുകുടി ജോണിയുടെ മകന്‍ റിജോ (33), മൂക്കന്നൂര്‍ പറമ്പലം പറപ്പിള്ളി ജോയിയുടെ മകന്‍ ജിതിന്‍ (27) എന്നിവരാണ്‌ മരിച്ചത്‌. മൂക്കന്നൂര്‍ പറമ്പയം പുതുശേരി പോള്‍ പി. ജോസഫിന്റെ മകന്‍ ആല്‍ഫാ(20)ണ്‌ രക്ഷപ്പെട്ടത്‌. അമലിന്റെയും ജാക്‌സണിന്റെയും റിജോയുടെയും അമ്മമാര്‍ സഹോദരിമാരാണ്‌.

ഇന്നലെ രാവിലെ ഏഴരയോടെ പൊള്ളാച്ചിയിലായിരുന്നു അപകടം. കലുങ്കില്‍ ഇടിച്ചശേഷം കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. രക്ഷപ്പെട്ട ആല്‍ഫ ആശുപത്രിയിലാണ്‌. ശനിയാഴ്‌ച െവെകിട്ടാണ്‌ ഇവര്‍ നാട്ടില്‍നിന്നു തിരിച്ചത്‌. മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പോയശേഷം പൊള്ളാച്ചി വഴി മടങ്ങുമ്പോഴായിരുന്നു അപകടം. ചാലക്കുടി പുലാനി നിര്‍മല കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിയാണ്‌ അമല്‍പോള്‍. ചുള്ളിത്തോട്ടുകര സ്വദേശിനി മിനിയാണ്‌ മാതാവ്‌. അനില ഏകസഹോദരി.

എം.സി.എ. കഴിഞ്ഞു വിദേശത്തേക്കു തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ജിതിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്രയ്‌ക്കു പോയത്‌. വിസിറ്റിങ്‌ വിസയില്‍ ദുബായില്‍ പോയ ഇയാള്‍ മൂന്നാഴ്‌ച മുമ്പാണു നാട്ടിലെത്തിയത്‌. മേരിയാണ്‌ മാതാവ്‌. സഹോദരി ജിത. ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനത്തിനുശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി നോക്കുകയാണ്‌ ജാക്‌സന്‍. ത്രേസ്യയാണ്‌ മാതാവ്‌. ജോസ്‌മി, ജിസ്‌മി, ജാസ്‌മി എന്നിവര്‍ സഹോദരങ്ങളാണ്‌.

ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനം കഴിഞ്ഞ്‌ രണ്ടുവര്‍ഷമായി ദുബായിലായിരുന്ന റിജോ രണ്ടുദിവസം മുമ്പാണ്‌ ആദ്യമായി അവധിക്കു നാട്ടിലെത്തിയത്‌. റോസിലിയാണ്‌ മാതാവ്‌. സുെനെനയാണ്‌ സഹോദരി. റിജോയുടെ സുഹൃത്താണു ജിതന്‍. അമല്‍ പോളിന്റെയും ജിതിന്റെയും ജാക്‌സന്റെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടുമണിയോടെ അങ്കമാലിയിലെത്തിച്ചു. അമലിന്റെ സംസ്‌കാരം ഇന്നു െവെകിട്ട്‌ നാലിന്‌ ഏഴാറ്റുമുഖം സെന്റ്‌ തോമസ്‌ പള്ളിയില്‍ നടക്കും. ജാക്‌സണിന്റെ സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30 നു മാണിക്കമംഗലം സെന്റ്‌ റോക്കീസ്‌ പള്ളി സെമിത്തേരിയില്‍ നടക്കും. ജിതിന്റെ സംസ്‌കാരം പിന്നീട്‌.