കടല്‍ നീലാംബരന്റെ ജീവനെടുത്തു ; കതിര്‍മണ്ഡപത്തില്‍ മകളുടെ കൈപിടിക്കാന്‍ അച്ഛനില്ല; വിവാഹാഘോഷത്തിനൊരുങ്ങിയ വീട്ടുകാര്‍ കണ്ണീരണിഞ്ഞു

2017-12-17 03:33:26am |

മാവേലിക്കര: ഏറെ മോഹിച്ച, മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളിയായ അച്ഛന്‍ യാത്രയായി. മത്സ്യ ബന്ധനത്തിനിടെ തിരയില്‍പ്പെട്ട ആറാട്ടുപുഴ കള്ളിക്കാട് കൂട്ടുംതെക്കതില്‍ നീലാംബരന്റെ(58) മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ വിവാഹാഘോഷത്തിനൊരുങ്ങിയ വീട്ടുകാര്‍ കണ്ണീരണിഞ്ഞു.

നീലാംബരന്റെ മകള്‍ നീതുവിന്റെ വിവാഹം ഈ മാസം 28 ന് തീരുമാനിച്ചിരിക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന ഇദ്ദേഹം താന്‍ സ്ഥിരമായി പണിയ്ക്കു പോകുന്ന വള്ളം കടലില്‍ ഇറങ്ങാത്തതിനാല്‍ കടല്‍ത്തീരത്ത് വലവീശി ഉപജീവന മാര്‍ഗം കണ്ടെത്തുകയായിരുന്നു. പണത്തിന് ആവശ്യമേറെയുള്ളതിനാല്‍ എല്ലാദിവസവും വലവീശാന്‍പോകാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ മത്സ്യബന്ധനത്തിനായി വീട്ടില്‍നിന്നു പോയ നീലാംബരനെ കാണാതായിരുന്നു.

കരയില്‍നിന്നു വല വീശി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ടതാണ് അപകടകാരണമെന്നാണു കരുതുന്നത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ച വല കള്ളിക്കാട്ടുനിന്ന് കണ്ടെത്തി. തുടര്‍ന്ന് രാമഞ്ചേരി ജ്യോതിനഗറിനു സമീപം കല്ലുകളുടെ ഇടയില്‍ കുരുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.