കത്തോലിക്കാ സഭ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു; സംസ്‌കാരം വീട്ടുവളപ്പില്‍

2017-12-28 03:16:25am |

കോട്ടയം: കത്തോലിക്കാ സഭ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഭരണങ്ങാനത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു. കത്തോലിക്ക സഭയുടെ ബഹിഷ്‌കരണത്തിന് ചുക്കാന്‍ പിടിക്കുന്നതിന് നേതൃത്വം നല്‍കിയതോടെയാണ് ജോസഫ് പുലിക്കുന്നേല്‍ ശ്രദ്ധേയനാകുന്നത്.

1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തായിരുന്നു പുലിക്കുന്നേലിന്റെ ജനനം. പിന്നീട് മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്നു ം സാമ്പത്തീക ശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേല്‍ 1958 മുതല്‍ 1967 കോഴിക്കോച് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു. കേരളാ യുണിവേഴ്‌സിറ്റി സെനറ്റ് അംഗം, കെപിസിസി അംഗം എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്നു ഇദ്ദേഹം.

1975ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓശാന മാസിക കത്തോലിക്ക സഭാവിമര്‍ശനത്തിലൂന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെയാണ് അദ്ദേഹം നിലകൊണ്ടിരുന്നത്. മലയാളത്തില്‍ ഒരു എക്യുമെനിക്കല്‍ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കൈയെടുത്തിട്ടുണ്ട്.

കത്തോലിക്കസഭയുടെ നിയമക്കുരുക്കില്‍ പെട്ട വിവാഹങ്ങളുടേയും ശവസംസ്‌കാരങ്ങളുടെയും കാര്‍മ്മീകത്വം വഹിക്കുന്നതിനും പുലിക്കുന്നില്‍ മടികാണിച്ചില്ല. ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിന് പകരം അവര്‍ക്ക് ഇടമറ്റത്തുള്ള സ്വന്തം സ്ഥലത്ത് ചിതയൊരുക്കി ദഹിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. അവിടെത്തന്നെ ദഹിപ്പിക്കണമെന്ന് അദ്ദേഹം അദ്ദേഹം മരണപത്രത്തില്‍ കുറിച്ച് രേഖപ്പെടുത്തി ബന്ധുക്കള്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ രീതി അനുസരിച്ചാകും ജോസഫ് പുലിക്കുന്നേലിന്റെ സംസ്‌കാരചടങ്ങുകള്‍ നടക്കുക.