മക്കളെ കാണാൻ നാട്ടിൽനിന്നെത്തിയ പിതാവ് ലണ്ടനിൽ മരിച്ചു

2017-04-01 08:10:30am |

ലണ്ടൻ∙ മക്കളെയും കൊച്ചു മക്കളെയും കാണാൻ സന്ദർശക വിസയിൽ നാട്ടിൽ നിന്നെത്തിയ പിതാവ് ലണ്ടനിൽ ഹൃദയാഘാതംമൂലം മരിച്ചു. കോട്ടയം കുമരകം സ്വദേശി തയ്യിൽ ടി.ടി.ഏബ്രഹാം (72) ആണു രാവിലെ ലണ്ടനിൽ മരിച്ചത്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ചാകും സംസ്കാരം.

ബുധനാഴ്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനി, മിനി, ജൂബി, മരുമക്കൾ:  റെജി, ഷൈൻ, തോമസ് ആന്റണി. ഒരുമാസം മുമ്പാണ് ഏബ്രഹാമും ഭാര്യയും ലണ്ടനിലെത്തിയത്.

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പരേതനുവേണ്ടി ഡെഗ്നാം സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ദേവാലയത്തിൽ പ്രത്യേകം പ്രാർഥനാ ശുശ്രൂഷകൾ നടത്തും.