ഗാനമേള വേദികളിലെ സൂപ്പര്‍താരം ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

2018-05-11 03:25:20am |

തലശ്ശേരി: പ്രശസ്ത പ്രൊഫഷണല്‍ ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു. പുന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റ്‌ന സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

തൊണ്ണൂറുകളില്‍ മലബാര്‍ മേഖലയിലെ ഗാനമേള ട്രൂപ്പുകളിലെ പ്രമുഖ ഗായകനായിരുന്നു ജോയ്. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂമാഹിയിലൂടെയാണ് ഗാനമേള വേദിയിലേക്ക് ജോയ് പീറ്ററിന്റെ ചുവടുവയ്പ്പ്. തൊണ്ണൂറുകളില്‍ അടിപൊളി ഗാനങ്ങള്‍ കൊണ്ട് സദസിനെ നൃത്തം ചവിട്ടിച്ച കലാകരനായിരുന്നു അദ്ദേഹം. ഗാനമേള വേദികളിലൂടെ ദക്ഷിണേന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഏറെ ആരാധകരുണ്ടായിരുന്നു.

മൃതദേഹം മാഹി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. റാണി ജോയ് പീറ്ററാണ് ഭാര്യ. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിദ്ധ്യമാണ്.