Latest News

മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അന്തരിച്ചു

2018-12-11 02:20:24am |

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്‌ണന്‍(86) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന്‌ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്‌.സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പു രംഗത്തുനിന്നും മാറിനിന്ന ഇദ്ദേഹം കഴിഞ്ഞ തവണയാണ്‌ വടക്കാഞ്ചേരിയില്‍ നിന്ന്‌ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്‌. ഭാര്യ: പുറനാട്ടുകര ശ്രീരാമകൃഷ്‌ണ വിദ്യാമന്ദിരം മുന്‍ അധ്യാപിക തങ്കമണി. മക്കള്‍: സി.ബി. ഗീത (കോര്‍പറേഷന്‍ കൗണ്‍സിലര്‍), മിനി ബല്‍റാം. മരുമകന്‍: പി. എന്‍. ബാലരാമന്‍.

തൃശൂരില്‍ കോണ്‍ഗ്രസ്‌ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം ഡി.സി. സി ട്രഷറര്‍, ഡി.സി.സി പ്രസിഡന്റ്‌, കെ.പി.സി.സി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഖാദി ഗ്രാമവ്യവസായ അസോസിയേഷന്‍ പ്രസിഡന്റും ഖാദി ഫെഡറേഷന്‍ ഭാരവാഹിയുമായിരുന്നു. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആസ്‌ഥാനമായ സപ്‌തതി സ്‌മാരകമന്ദിരം നിര്‍മിച്ചത്‌ സി. എന്‍. ബാലകൃഷ്‌ണനാണ്‌. ആദ്യകാലത്ത്‌ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തില്‍ സജീവമായിരുന്നു. ബാല്യത്തില്‍ കഷ്‌ടപ്പാടനുഭവിച്ചിരുന്ന സി.എന്‍. പിന്നീട്‌ സ്വപ്രയത്നത്തിലൂടെ ഗാന്ധിയന്‍ ചിന്ത ഉള്‍ക്കൊണ്ടാണ്‌ വളര്‍ന്നത്‌. അവിണിശേരി ഖാദി കേന്ദ്രത്തെ വളര്‍ത്തിയെടുത്ത്‌ വലിയ പ്രസ്‌ഥാനമാക്കി.

ആജ്‌ഞാശക്‌തിയും നിശ്‌ചയദാര്‍ഢ്യവും അദ്ദേഹത്തെ കരുത്തനായ നേതാവാക്കി. സപ്‌തതിമന്ദിരമായ ഡിസിസി ഓഫീസില്‍ ചെരുപ്പിട്ടു കടക്കാന്‍ പാടില്ലെന്നു തീരുമാനിച്ച അദ്ദേഹത്തിന്റെ നിശ്‌ചയദാര്‍ഢ്യം ശ്രദ്ധിക്കപ്പെട്ടു. ഓരോ പ്രവര്‍ത്തകനെയും അറിഞ്ഞു വളര്‍ന്ന നേതാവായ സി. എന്‍. പ്രവര്‍ത്തകരുടെ കണ്ണീരൊപ്പാന്‍ എന്നും മുന്നിട്ടു നിന്നു. കുറച്ചു കാലമായി ശാരിരിക അവശത അദ്ദേഹത്തെ അലട്ടിയിരുന്നു. മൃതദേഹം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന്‌ ഇന്നു രാവിലെ തൃശൂരിലേക്ക്‌ കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം നാളെ സംസ്‌കരിക്കും.