Latest News

സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ

2019-01-15 02:39:39am |

ചെന്നൈ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. 

1981ൽ പുറത്തിറങ്ങിയ വേനലായിരുന്നു ആദ്യ ചിത്രം. വചനം (1989), ദൈവത്തി​​​​െൻറ വികൃതികൾ (1992), മഴ(2000), കുലം, അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തി​​​​െൻറ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും 'കുലം' എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി. 

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലാ‍യിരുന്നു പഠനം പൂർത്തിയാക്കിയത്​. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. 1985ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധ പോരാട്ടത്തെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമായിരുന്നു. 

മഴയെ സർഗാത്മകമായി ത​​​​െൻറ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സം‌വിധായകനാണ്‌ രാജേന്ദ്രൻ. 1992 ൽ സം‌വിധാനം ചെയ്ത 'ദൈവത്തി​​​​െൻറ വികൃതികൾ' എം. മുകുന്ദന്‍റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ 'മഴ' എന്ന ചിത്രം കേരളത്തിലെ വർഗീയ ധ്രുവീകരണത്തെയാണ് 2003 ൽ പുറത്തിറങ്ങിയ 'അന്യർ' എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. 1989ലും 1991 ലും ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. ഭാര്യ ഡോ.രമണി. പാര്‍വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.