Latest News

ദേശീയപാതയില്‍ ഫാസ്റ്റും ട്രാവലറും ഇടിച്ച് മൂന്ന് മരണം ; 11 പേര്‍ക്ക് പരിക്കേറ്റു, അപകടത്തില്‍ ഒരുവാഹനം രണ്ടായി പിളര്‍ന്നു

2019-04-26 02:24:06am |

ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ മരാരികുളത്തിന് സമീപം കണിച്ചു കുളങ്ങരയിലായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎൽ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നും വിവാഹ നിശ്ചയത്തിനായി എത്തിയവരാണ് അപകടത്തില്‍ മരിച്ചതും പരിക്കേറ്റതും. ട്രാവലറില്‍ സഞ്ചരിച്ചിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളായ വിജയകുമാർ(40), ബിനേഷ് (30), പ്രസന്ന(48) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയടക്കം 11 പേരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ടെംപോ ട്രാവലറിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. പലരുടേയും നില ​അതീവ ​ഗുരുതരമാണെന്നാണ് വിവരം.

രാത്രി 12 മണിക്കായിരുന്നു അപകടം. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേ​ഗതയില്‍ ആയിരുന്നുവെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി പിളർന്നു. ഒരു ഭാഗം തകര്‍ന്നു വീണു. സംഭവസ്ഥലത്തു വെച്ചു തന്നെ രണ്ട് പേർ മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു.

മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ മട്ടന്നൂരിർ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പ്രതിശ്രുത വരനാണെന്ന് സംശയമുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയലാക്കി. ബസില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരിയ പരിക്കേറ്റിട്ടുള്ളതായും ഇവരെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.