മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

2019-05-17 02:55:20am |

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കൊല്ലം ഡിസിസിയിലും തുടര്‍ന്ന് ആനന്ദവല്ലീശ്വരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌ക്കാരം വൈകിട്ട് നാലിന് മുളങ്കാടം ശ്മശാനത്തില്‍ നടക്കും.

കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭയിലും അംഗമായിരുന്നു. നിയമസഭാംഗമായ അഞ്ചു വട്ടത്തില്‍ നാല് തവണയും മന്ത്രിയായി. വൈദ്യുതി, തൊഴില്‍, വനം, എക്‌സൈസ്, ആരോഗ്യ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

തേവള്ളി ഹൈസ്‌ക്കുളില്‍ സ്‌കുളില്‍ ആയിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് എസ് എന്‍ കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും നേടി.