Latest News

മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ; നെഞ്ചകം തകർന്ന് അരവിള

2017-05-22 02:37:45am |

കൊല്ലം ∙ മക്കളെ മുക്കിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാവനാട് അരവിള നഗർ പുളിവിള കിഴക്കതിൽ അനിമോൻ (38), മക്കളായ ആദർശ് (അഞ്ച്), ദർശൻ (രണ്ട്) എന്നിവരാണു മരിച്ചത്. കുട്ടികളെ ശുചിമുറിയിലെ പാത്രങ്ങളിലെ വെള്ളത്തിലാണു കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

 അനിമോന്റെ ഭാര്യ ഡാലിയ രാവിലെ പള്ളിയിൽ പോയിരിക്കുകയായിരുന്നു. ഭർത്താവും മക്കളും ഉറങ്ങിക്കിടന്നതിനാൽ വീടു പൂട്ടിയാണു പോയത്. തിരികെയെത്തി കതകു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപവാസികൾ എത്തി കതകു പൊളിച്ച് അകത്തു കടന്നപ്പോഴാണ് അനിമോനെ മരിച്ച നിലയിൽ കണ്ടത്. മത്സ്യബന്ധന തൊഴിലാളിയാണ് അനിമോൻ. മനോദൗർബല്യമുള്ള ഇയാൾ ചികിത്സയിൽ ആയിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

 

നേരം പുലർന്നതേയുണ്ടായിരുന്നുള്ളു. അരവിള ആ ദുരന്തം കേട്ടു സ്തംഭിച്ചു നിന്നു. ശുചിമുറിയിലെ പാത്രങ്ങളിലെ ഇത്തിരി വെള്ളത്തിൽ, പിതാവിന്റെ കൈകളാൽ രണ്ടു കുരുന്നുജീവൻ പൊലിഞ്ഞത് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവന്റെ തുടിപ്പുകൾ ആ കുഞ്ഞു ശരീരങ്ങളിൽ അവശേഷിക്കുന്നുണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി പ്രാർഥിച്ചു. ഒടുവിൽ, ജീവനൊടുക്കിയ പിതാവിന്റെ ഒപ്പം കുട്ടികളും പോയെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു.

ഡാലിയ രാവിലെ പള്ളിയിൽ പോകുമ്പോൾ മക്കളും ഭർത്താവും ഉറക്കത്തിലായിരുന്നു. വിളിച്ചുണർത്തേണ്ട എന്നു കരുതി വീടു പൂട്ടിയാണ്, 50 മീറ്റർ മാത്രം അകലെയുള്ള പള്ളിയിലേക്കു പോയത്. തിരികെ വന്നപ്പോഴെയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. ഓമനിച്ചു വളർത്തിയ മക്കൾ ശുചിമുറിയിലെ ഇത്തിരി വെള്ളത്തിൽ... തല കുത്തനെ പിടിച്ചാൽ കഴുത്തുവരെ മുങ്ങാനുള്ള വെള്ളമേ പാത്രങ്ങളിലുണ്ടായിരുന്നുള്ളു.

അപ്പോഴും കുട്ടികളിൽ ജീവൻ അവശേഷിക്കുന്നുണ്ട് എന്നായിരുന്നു പ്രതീക്ഷ. കുട്ടികളെ ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അതിനു മുൻപ് ജീവൻ നഷ്ടപ്പെട്ടിരുന്നു. വെള്ളത്തുണിയിൽ പുതപ്പിച്ചു മൂന്നു പേരെയും കൊണ്ടുവന്നതു വൈകിട്ട് നാലു മണിയോടെയാണ്. അനിമോന്റെ മൃതദേഹമാണ് ആദ്യം വീട്ടിലേക്ക് എടുത്തത്. പിന്നാലെ ആദർശിന്റെയും ദർശന്റെയും.

അണപൊട്ടിയപോലെ വിലാപം ഉയർന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാനായില്ല. ഡാലിയയുടെ നെഞ്ചുപൊട്ടിയ വിളിയും ബന്ധുക്കളുടെ വിലാപവും കേൾക്കാതെ ആ മൂന്നുശരീരം അവിടെ കിടന്നു. ഡാലിയ രാവിലെ പള്ളിയിൽ പോകുമ്പോൾ അവർ ഉറങ്ങിക്കിടന്നതുപോലെയായിരുന്നു അത്. ഹോളി ഫാമിലി ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിയായി ആദർശ്. സംസ്കാരത്തിനു സെന്റ് ജോർജ് പള്ളി അങ്കണത്തിലേക്കു മൂന്നു പേരെയും എടുത്തപ്പോൾ ആകാശം കണ്ണീർ പൊഴിച്ചു. നെഞ്ചു തകർന്ന അരവിളയും തേങ്ങി.