കോൺഗ്രസ്സ് പ്രവർത്തകനും യുകെ മലയാളിയുടെ പിതാവുമായ എം എം അഗസ്തി(കോൺഗ്രസ്സ് കുഞ്ഞഗസ്തി) മരണമടഞ്ഞു

2019-06-03 08:23:22pm |

ബാസിൽടൺ: ഒരു കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് പാലായിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്ന എംഎം അഗസ്തിയെന്ന കുഞ്ഞഗസ്തി മരണമടഞ്ഞു. പരേതന് 83 വയസ്സായിരുന്നു. യുകെയിലെ ബാസിൽടണിൽ താമസമാക്കിയ ബിനോയ് അഗസ്റ്റിന്റെ പിതാവാണ്. ഇന്ന് പലർക്കും അന്യം നിന്ന ഗാന്ധി നെഹ്രുവിയൻ സ്കൂളിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനായിരുന്ന കുഞ്ഞഗസ്തി അറിയപ്പെട്ടിരുന്നത് തന്നെ “കോൺഗ്രസ്സ് കുഞ്ഞഗസ്തി” എന്നായിരുന്നു.

രാഷ്ട്രീയാതികായകന്മാരായ ആർ വി തോമസിന്റെയും, പ്രൊഫ. കെ എം ചാണ്ടിയുടെയും, ചെറിയാൻ ജെ കാപ്പന്റെയും, ശ്രീമതി ആർ വി തോമസിന്റെയും മറ്റും പ്രായത്തിൽ കുറവായിരുന്നെങ്കിലും കുഞ്ഞഗസ്തി ഇവരുടെ സഹപ്രവർത്തകനായിരുന്നു. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന സഹകാരി എന്ന നിലയിൽ പല സഹകരണ പ്രസ്ഥാനങ്ങളുടെയും ജീവനാഡിയായിരുന്നു കുഞ്ഞഗസ്തി. ഒരു വിളിപ്പുറത്തിനപ്പുറം ആർക്കും എപ്പോഴും സഹായഹസ്തവുമായി നിന്നിരുന്ന ആ സൗമ്യ വ്യക്തിത്വത്തിന്റെ വിടവാങ്ങൽ സത്യസന്ധമായ ഒരു പൊതു ജീവിതത്തിന്റെ ഒരു എട് കൂടി മായ്ച്ച് കളയുന്നു.

അദ്ദേഹത്തിന്റെ വിടവാങ്ങലിൽ സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ ബിഷപ്പ് റൈറ്റ് റെവ. ഡോ. ജോസഫ് സ്രാമ്പിക്കൽ, ജോസ് കെ മാണി എം. പി . കൗൺസിലർ ടോം ആദിത്യ, യുക്മ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, മൂന്ന് ദശാബ്ദക്കാലത്തോളം അദ്ദേഹത്തോടൊപ്പം അടുത്തിടപഴകി പ്രവർത്തിച്ചിട്ടുള്ള യുകെ മലയാളികളുടെ തമ്പിച്ചേട്ടൻ(തമ്പി ജോസ്) തുടങ്ങിയവർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

ബാസിൽടണിലെ ബിനോയ് അഗസ്റ്റിൻ മകനാണ്, ലണ്ടൻ റോയൽ ബ്രാംപ്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മറിയ ബിനോയ് മരുമകളാണ്.