ബസ്സില്‍ സ്ഥിരമായി സ്ത്രികളെ പീഡിപ്പിച്ചിരുന്നെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി: പൊട്ടിച്ചിരിച്ച് കമല്‍ഹാസന്‍, കയ്യടിച്ച് കാണികള്‍

2019-07-29 02:04:54am |

കോളേജ് പഠനകാലത്ത് താന്‍ സ്ഥിരമായി ബസില്‍വച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥി. പരിപാടിക്കിടെ ശരവണന്‍ ഇക്കാര്യം അവതാരകനായ നടന്‍ കമല്‍ഹാസനോട് പറയുകയായിരുന്നു. ശരവണന്റെ സ്ത്രീയ്‌ക്കെതിരായ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനു വഴി വച്ചിരിക്കുകയാണ്. പരുത്തിവീരനിലെ കഥാപാത്രത്തിലുടെ ശ്രദ്ധേയനായ താരമാണ് ശരവണന്‍.

ശനിയാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് സംഭവം. മത്സരാര്‍ത്ഥികളായ മീര മിഥിനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കമല്‍ഹാസന്‍, തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കിടയാക്കിയത്. ഓഫീസിലെത്താന്‍ തിരക്കിട്ട് ബസില്‍ കയറവെ മാത്രമല്ല സ്ത്രീകളെ ശല്യം ചെയ്യാനും ദേഹോപദ്രവം ചെയ്യാനുമായി ബസില്‍ കയറുന്നവരുമുണ്ടെന്ന് കമല്‍ ഹാസന്‍ ചൂണ്ടിക്കാട്ടി.

കമല്‍ഹാസന്റെ സംഭാഷണം തടസ്സപ്പെടുത്തിയ ശരവണന്‍ ഇതിനിടയില്‍ കയറി ഞാനത് ചെയ്തിട്ടുണ്ടെന്നു പറയുകയായിരുന്നു. ഓ, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ നിങ്ങള്‍ തല്ലാറുണ്ടല്ലെ, എന്ന് കമല്‍ഹാസന്‍ ചോദിച്ചു. എന്നാല്‍ താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നായിരുന്നു ശരവണന്റെ മറുപടി. ഈ ഉദ്ദേശ്യത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. കൂടാതെ കോളേജില്‍ പഠിക്കുമ്പോഴാണ് ഇതെന്നും വളരെ പണ്ടാണെന്നും പറഞ്ഞ ശരവണന്‍ തന്റെ തെറ്റിനെ ന്യായീകരിക്കുകയും ചെയ്തു. കമല്‍ഹാസന്‍ പൊട്ടിച്ചിരിച്ചു. കാണികള്‍ കൈയടിച്ചു.

കമല്‍ഹാസനും ശരവണനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. ഇതിനെ തമാശയാക്കിയതിനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദയടക്കമുള്ളവര്‍ രംഗത്തെത്തി. ശരവണനേയും കാണികളേയും പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.