Latest News

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി ബന്ധം : സമവായമില്ല, സമദൂരം തുടരും

2017-06-14 02:39:10am |

കോട്ടയം: മുന്നണി പ്രവേശന കാര്യത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയാതായതോടെ ചരല്‍കുന്ന്‌ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനം. നിലവിലുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നു പി.ജെ. ജോസഫ്‌ വ്യക്‌തമാക്കിയതോടെ മുന്നണി ബന്ധം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു.

സി.എഫ്‌ തോമസ്‌ എം.എല്‍.എയും നിലപാടിനെ പിന്തുണച്ചു. മുന്നണി പ്രവേശന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ലാതായതോടെ സ്‌റ്റിയറിങ്‌ യോഗം കര്‍ഷക പ്രശ്‌നങ്ങളില്‍ സമരം നടത്താന്‍ തീരുമാനമെടുത്ത്‌ പിരിയുകയായിരുന്നു. മുന്നണി ബന്ധം സംബന്ധിച്ച്‌ തീരുമാനം എടുക്കുന്നതിന്‌ ഉപസമിതിയെ നിയോഗിക്കുമെന്നു നേരത്തെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. എന്നാല്‍ ജോസഫ്‌ നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ ഇതു സംബന്ധിച്ച്‌ ഒരു ചര്‍ച്ചകളും വേണ്ടന്ന്‌ തീരുമാനിച്ചത്‌.സ്‌റ്റിയറിങ്‌ കമ്മിറ്റിയ്‌ക്ക്‌ മുമ്പ്‌ നടന്ന ഉന്നതാധികാര സമിതി യോഗത്തിലും സമാനമായ ചര്‍ച്ചകളാണു നടന്നത്‌.

കോട്ടയത്ത്‌ നടത്തിയത്‌ അടവുനയം മാത്രമാണെന്നും മുന്നണി മാറ്റത്തിന്റെ സൂചനയല്ലെന്നുമുള്ള കെ.എം. മാണിയുടെ ഉറപ്പ്‌ വിശ്വാസത്തി ലെടുക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. ബാര്‍കോഴ വിവാദത്തില്‍ പാര്‍ട്ടി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലും ചര്‍ച്ച നടന്നു. മംഗളം ടെലിവിഷന്‍ പുറത്തുവിട്ട ബാര്‍ കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സ്‌റ്റിയറിങ്‌ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്‌തു.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്‌ തന്റേതു തന്നെയാണെന്ന്‌ യോഗത്തില്‍ സി.എഫ്‌. തോമസ്‌ സമ്മതിച്ചു. യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിനിധികള്‍ മുമ്പോട്ടുവച്ചെങ്കിലും ഇപ്പോള്‍ വേണ്ടന്ന്‌ കെ.എം. മാണി നിലപാടെടുത്തു.

വീക്ഷണം ദിനപത്രത്തില്‍ കെ.എം. മാണിക്കെതിരേ വന്ന മുഖപ്രസംഗത്തിനെതിരേയും പരാമര്‍ശമുണ്ടായി. എഡിറ്റോറിയല്‍ എഴുതിയ ആളിന്റെയും എഴുതിച്ചവരുടെയും സംസ്‌ക്കാരമാണ്‌ പുറത്തുവന്നത്‌. പ്രതിച്‌ഛായയില്‍ വന്നത്‌ രാഷ്‌ട്രീയ സത്യങ്ങളാണ്‌. അതിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ മാന്യമായ ഭാഷയിലായിരുന്നു പ്രതികരിക്കേണ്ടിയിരുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.

കാര്‍ഷികോല്‍പ്പനങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയും പരിഹരിക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും യോഗം കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയേയും, മുഖ്യമന്ത്രിയേയും നേരില്‍ കണ്ട്‌ കര്‍ഷക ആശങ്ക അറിയിക്കും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി ഈ മാസം 23 ന്‌ കോട്ടയത്ത്‌ പാര്‍ട്ടി നേതൃത്വത്തില്‍ ട്രെയിന്‍ തടയും. 30ന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക്‌ എതിരേ സെക്രട്ടേറിയറ്റിന്‌ മുന്‍പില്‍ ധര്‍ണ നടത്താനും തീരുമാനമായി.