Latest News

സ്‌കൂളില്‍ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ കുട്ടികളുടെ മുന്നില്‍ നാണംകെട്ട അടി

2017-06-14 02:42:48am |

ആര്യനാട്‌: സ്‌കൂള്‍ കെട്ടിട ഉദ്‌ഘാടനചടങ്ങില്‍ മന്ത്രിയും നൂറുകണക്കിനു കുട്ടികളും നോക്കി നില്‍ക്കേ സ്വാഗതപ്രാസംഗികനെച്ചൊല്ലി സി.പി.എം.- കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി. ചടങ്ങ്‌ അലോങ്കാലമായി. അന്തരിച്ച മുന്‍ എം.എല്‍.എ: ജി. കാര്‍ത്തികേയന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന്‌ 1.16 കോടി രൂപ വിനിയോഗിച്ചു നിര്‍മിച്ച ആര്യനാട്‌ ഗവ: വി ആന്‍ഡ്‌ എച്ച്‌.എസ്‌.എസ്‌. സ്‌കൂളിലെഹയര്‍ സെക്കന്‍ഡറി ബ്‌ളോക്കിന്റെ ഉദ്‌ഘാടനത്തിനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പങ്കെടുത്ത പരിപാടിയാണ്‌ അടിയില്‍ കലാശിച്ചത്‌.

പരിപാടിയുടെ നോട്ടീസില്‍ സ്വാഗതപ്രാസംഗികയായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാമിലാ ബീഗത്തിന്റെ പേരാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. പി.ടി.എ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ നോട്ടീസ്‌ അച്ചടിച്ചതിലും സ്വാഗത പ്രാസംഗികയെ ഏകപക്ഷീയമായി തീരുമാനിച്ചതിലും തര്‍ക്കമുണ്ടായിരുന്നു. ഉദ്‌ഘാടനചടങ്ങില്‍ എം.എല്‍.എയുടെ അധ്യക്ഷ പ്രസംഗം തുടങ്ങിയതോടെ സ്വാഗത പ്രാസംഗികനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്‌ഛിച്ചു.

തുടര്‍ന്നു സ്വാഗതപ്രസംഗമില്ലാതെ മന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചു. അതിനു പിന്നാലെ കൃതജ്‌ഞത പറയാനായി പ്രിന്‍സിപ്പലിനെ എം.എല്‍.എ ക്ഷണിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിതരായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുമായി വേദിയില്‍തന്നെ കൈയാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ വേദിയില്‍നിന്നു മന്ത്രിയെ പോലീസും ശബരീനാഥന്‍ എംഎല്‍എയുംചേര്‍ന്നു കാറിനടുത്തെത്തിച്ചു സുരക്ഷിതനാക്കി.

കൈയാങ്കളിയില്‍ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍, പ്രതാപന്‍ എന്നിവര്‍ക്കും സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദീക്ഷിത്‌, നേതാക്കളായ ശ്രീനാഥ്‌, രാമചന്ദ്രന്‍, അശോകന്‍ എന്നിവര്‍ക്കും പരുക്ക്‌ പറ്റി. അക്രമത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം ആര്യനാട്‌ ലോക്കല്‍ കമ്മിറ്റി പ്രദേശത്ത്‌ ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.