Latest News

ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള സെലിബ്രിറ്റികള്‍ : ഷാരൂഖും സല്‍മാനും അക്ഷയ്‌ കുമാറും ഫോബ്‌സ് പട്ടികയില്‍

2017-06-14 02:44:09am |

മുംബൈ: ഫോബ്‌സ്‌ മാസിക പുറത്തുവിട്ട ലോകത്ത്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ്‌ താരങ്ങളായ ഷാരൂഖ്‌ ഖാനും, സല്‍മാന്‍ ഖാനും, അക്ഷയ്‌കുമാറും.

പട്ടികയില്‍ 65-ാം സ്‌ഥാനത്തുള്ള ഷാരൂഖ്‌ ഖാനാണ്‌ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ മുന്നില്‍. ഈ വര്‍ഷം 3.80 കോടി ഡോളര്‍ (ഏതാണ്ട്‌ 243 കോടി രൂപ)യാണ്‌ ഷാരൂഖിന്റെ വരുമാനം. പട്ടികയില്‍ 71-ാം സ്‌ഥാനത്തുള്ള സല്‍മാന്റെ കഴിഞ്ഞവര്‍ഷത്തെ വരുമാനം 3.7 കോടി ഡോളറാണ്‌ (ഏതാണ്ട്‌ 236 കോടി രൂപ). 80-ാം സ്‌ഥാനത്തുള്ള അക്ഷയ്‌കുമാറിന്‌ 3.55 (ഏതാണ്ട്‌ 227 കോടി രൂപ) കോടി ഡോളര്‍.

പട്ടികയില്‍ ഒന്നാമത്‌ അമേരിക്കന്‍ പാട്ടുകാരനായ ഷോണ്‍ കോമ്പ്‌സ്‌ ആണ്‌. 13 കോടി ഡോളര്‍ വരുമാനം.(ഏതാണ്ട്‌ 832 കോടി രൂപ). രണ്ടാമത്‌ പോപ്‌ ഗായിക ബിയോണ്‍സും. (10.5 കോടി ഡോളര്‍.) മൂന്നാം സ്‌ഥാനത്ത്‌ എഴുത്തികാരിയും ഹാരി പോര്‍ട്ടറിന്റെ സൃഷ്‌ടാവുമായ ജെ.കെ. റൗളിങ്ങാണ്‌, 9.5 കോടി ഡോളര്‍.

ഫുട്‌ബോള്‍ സൂപ്പര്‍സ്‌റ്റാര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ അഞ്ചാമതാണ്‌, 9.3 കോടി ഡോളര്‍. അര്‍ജന്റീനിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി 14-ാം സ്‌ഥാനത്തുണ്ട്‌. 8.0 കോടി ഡോളര്‍. പോപ്‌ സെന്‍സേഷന്‍ ജസ്‌റ്റിന്‍ ബീബറാണു തൊട്ടുമുന്നില്‍ 13-ാം സ്‌ഥാനത്ത്‌- 8.35 കോടി ഡോളര്‍.

സിനിമാ നടന്മാരില്‍ ഹോളിവുഡ്‌ താരം മാര്‍ക്ക്‌ വാല്‍ബെര്‍ഗാണ്‌ മുന്നില്‍, 20-ാം സ്‌ഥാനത്ത്‌, 6.8 കോടി ഡോളര്‍. ടെന്നീസ്‌ താരം റോജര്‍ ഫെഡറര്‍ 6.4 കോടി ഡോളറിന്റെ വരുമാനവുമായി പട്ടികയില്‍ 23-ാമതാണ്‌. 4.9 കോടി ഡോളര്‍ കഴിഞ്ഞവര്‍ഷം വരുമാനമുള്ള ചൈനീസ്‌-ഹോളിവുഡ്‌ നടന്‍ ജാക്കിച്ചാന്‍ 39-ാം സ്‌ഥാനത്തുണ്ട്‌.