Latest News

സ്‌കൂളിനു മുമ്പില്‍ പൂവാലശല്യം ആരോപിച്ചു സി.പി.എം. നേതാവിന്റെ മകനെ പോലീസ് മര്‍ദിച്ചു; കെഎസ്‌യു സ്‌റ്റേഷന്‍മാര്‍ച്ചില്‍ എസ്‌ഐയ്‌ക്കെതിരേ നടപടി

2017-06-15 02:54:57am |

കായംകുളം: സി.പി.എം നേതാവിന്റെ മകന് പോലീസിന്റെ മര്‍ദനം. എരുവ ലോക്കല്‍ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഏരിയാ ജോ.സെക്രട്ടറിയുമായ മേടമുക്ക് ഫാത്തിമാ മന്‍സിലില്‍ എം.എ.സമദിന്റെ മകന്‍ അംജത്.എ.സമദി(16)നാണ് പോലീസിന്റെ മര്‍ദനമേറ്റത്.

അതേസമയം സ്‌കൂളിനു മുമ്പില്‍ പൂവാലശല്യം നടക്കുന്നതറിഞ്ഞെത്തിയ പോലീസ് കൂടി നിന്നവരെ വിരട്ടിയോടിക്കുക മാത്രമായിരുന്നെന്ന് എസ്.ഐ പറഞ്ഞു. കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ വിദ്യാര്‍ഥിയാണ് അംജത്.

വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മര്‍ദനമേറ്റ അംജത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എം.എസ്.എം െഹെസ്‌കൂളിനു സമീപമായിരുന്നു സംഭവം. അംജത് സഹപാഠിയായ ഹാറൂണിന്റെ വീട്ടില്‍ പോയ ശേഷം െബെക്കില്‍ ഇരുവരും കൂടി പോകവെ ജീപ്പിലെത്തിയ പോലീസ് തടഞ്ഞു നിര്‍ത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് അംജത് പറഞ്ഞു.

അടിയേറ്റ് റോഡില്‍ വീണപ്പോള്‍ പോലീസ് വയറ്റില്‍ ചവിട്ടിയെന്നും ആരോപിച്ചു. ഈ സമയം സുഹൃത്ത് ഹാറൂണ്‍ വീട്ടിലേക്കോടി. പിന്നാലെ ഓടിയ പോലീസ് ഹാറൂണിന്റെ വീടിന്റെ മുന്നിലെ കാര്‍പോര്‍ച്ചിലിട്ടും മര്‍ദിച്ചതായി അംജത് പറഞ്ഞു. പോലീസിനോട് വിവരം അന്വേഷിച്ച ഹാറൂണിന്റെ അമ്മയുടെ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

അംജത്തിന്റെ രണ്ടു െകെകളിലും കാലുകളിലും വയറ്റിലും മര്‍ദനമേറ്റ പാടുകളും നെഞ്ചില്‍ ലാത്തി കൊണ്ട് കുത്തിയ പാടുമുണ്ട്. പോലീസിന്റെ അടിയേറ്റ് െകെവിരലിനും പരുക്കേറ്റു.എസ്.ഐ: മഞ്ജുനാഥ്, പ്രൊബേഷണല്‍ എസ്.ഐ: സുധീഷ് എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് അംജത് പറഞ്ഞു. മകനെ മര്‍ദിച്ച പോലീസിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

കെ.പി റോഡില്‍ പോലീസ് സ്‌റ്റേഷനു സമീപം മാര്‍ച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്നതോടെ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അംജത്തിനെ മര്‍ദിച്ച എസ്.ഐ: മഞ്ജുനാഥിനെ ആലപ്പുഴ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.