Latest News

മുഖ്യമന്ത്രി ചിരിക്കരുതെന്നു നിര്‍ദേശം; ചിരി കൂടിപ്പോയോയെന്നു പിണറായി

2017-06-16 03:00:54am |

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുമ്പില്‍ ഇന്നലെ വന്നൊരു ആവശ്യം കേട്ടാല്‍ ആരും ഒന്നു ചിരിച്ചു പോകും. മുഖ്യമന്ത്രി ഇനി മേലാല്‍ ചിരിക്കരുതെന്ന നിര്‍ദ്ദേശമാണു കാര്‍ട്ടൂണിസ്‌റ്റ്‌ സുകുമാര്‍ പിണറായി വിജയന്റെ മുമ്പില്‍ അവതരിപ്പിച്ചത്‌.

ഒരു വര്‍ഷം മുമ്പ്‌ താനാണു മുഖ്യമന്ത്രിയോടു വല്ലപ്പോഴുമെങ്കിലും ചിരിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, ഇപ്പോള്‍ വളരെ പ്രയാസപ്പെട്ട്‌ തലയ്‌ക്ക്‌ കൈയ്യും കൊടുത്തിരുന്നുള്ള അദ്ദേഹത്തിന്റെ ചിരി കാണുന്നതു പ്രയാസമാണ്‌. ഈ ചിരികൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല. ചിരിച്ചതുകൊണ്ട്‌ കാര്യങ്ങള്‍ ശരിയാകില്ലെന്നു ബോധ്യപ്പെട്ടതിനാലാണ്‌ മുഖ്യമന്ത്രി ഇനി ചിരിക്കരുതെന്നു താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിരിക്കാറേയില്ല എന്നതുമാറി ചിരി കൂടിപ്പോയതാണോ ഇപ്പോഴത്തെ പ്രശ്‌നമെന്നായിരുന്നു ചിരിയോടെ മുഖ്യമന്ത്രി മറുചോദ്യം. ചിരിക്ക്‌ മാറ്റം വരുത്തണോയെന്ന കാര്യം പരിശോധിക്കാമെന്നും അദ്ദേഹം സുകുമാറിന്‌ ഉറപ്പു നല്‍കി. മുഖ്യമന്ത്രി ചിരി നിര്‍ത്തിയാലും ഇല്ലെങ്കിലും സംഭാഷണം കേട്ടിരുന്നവര്‍ ഏറെ ചിരിച്ചു എന്നതു സത്യം.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തലസ്‌ഥാനത്തെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സൗഹൃദസംഭാഷണത്തിലാണ്‌ ഈ നര്‍മ്മ നിമിഷങ്ങളുണ്ടായത്‌. കേരളത്തില്‍ ഹെലികോപ്‌ടര്‍ ടൂറിസവും സീ പ്ലെയിന്‍ പദ്ധതിയും നടപ്പിലാക്കണമെന്ന ക്യാപ്‌ടന്‍ ടി.കെ. നായരുടെ ആവശ്യത്തിനും നര്‍മ്മ രൂപത്തിലാണ്‌ അദ്ദേഹം മറുപടി നല്‍കിയത്‌.

ഹെലികോപ്‌ടര്‍ വരുന്നത്‌ നല്ലതു തന്നെ. ഒരിയ്‌ക്കല്‍ പാലക്കാട്‌ നിന്നും ആലപ്പുഴയിലേക്ക്‌ ഹെലികോപ്‌ടറില്‍ പോകാനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ക്ഷണിച്ചു. കാര്‍യാത്രയാണ്‌ പതിവായതിനാല്‍ ആദ്യം വിമുഖത അറിയിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ സമ്മതംമൂളി. യാത്രയ്‌ക്ക്‌ അധികസമയം വേണ്ടാത്തതിനാല്‍ താമസിച്ചാണ്‌ ഹെലികോപ്‌ടറില്‍ കയറിയത്‌.

ഹെലികോപ്‌ടര്‍ പൊങ്ങി കുറച്ചു കഴിഞ്ഞയുടനെ ഇറങ്ങി. പൊങ്ങിയതും ഇറങ്ങിയതും പാലക്കാട്‌ ആണെന്നു മാത്രം. മഴയായതിനാല്‍ ഹെലികോപ്‌ടര്‍ യാത്ര സാധ്യമല്ലെന്ന്‌ അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ചിരികള്‍ക്കിടയിലും ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ ചോദിച്ച ചോദ്യത്തില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറാനും മുഖ്യമന്ത്രി മറന്നില്ല. ശക്‌തനായ ഭരണാധികരിയായ പിണറായി വിജയന്‍ മദ്യലഭ്യത കുറയ്‌ക്കണമെന്ന ഗാന്ധിയന്‍ നയം മാനിക്കുമോ ഇല്ലയോ എന്നതായിരുന്നു ഗോപിനാഥന്‍ നായരുടെ ചോദ്യം. സംവാദത്തിലെ ആദ്യ ചോദ്യവും ഇതായിരുന്നു. എല്ലാ ചോദ്യങ്ങളും എഴുതിയെടുത്ത്‌ അവസാനം ഉത്തരം പറഞ്ഞ മുഖ്യമന്ത്രി ഈ ചോദ്യത്തില്‍ നിന്നുമാത്രം ഒഴിഞ്ഞുമാറി.