Latest News

കൊച്ചി മെട്രോ ഉദ്‌ഘാടനം ചെന്നിത്തലയ്‌ക്കും ശ്രീധരനും കേന്ദ്രത്തിന്റെ "പച്ചക്കൊടി"

2017-06-16 03:02:12am |

തിരുവനന്തപുരം: ശക്‌തമായ പ്രതിഷേധത്തിനും സംസ്‌ഥാനസര്‍ക്കാരിന്റെ സമ്മര്‍ദത്തിനും വഴങ്ങി കൊച്ചി മെട്രോ ഉദ്‌ഘാടനവേദിയില്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയേയും "മെട്രോമാന്‍" ഇ. ശ്രീധരനെയും ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ (പി.എം.ഒ) തീരുമാനിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ്‌ പി.എം.ഒയില്‍നിന്നു മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ചു.

കൊച്ചി മെട്രോയുടെ സാക്ഷാത്‌കാരകനായ ശ്രീധരനെ ഉദ്‌ഘാടനച്ചടങ്ങില്‍ ഉള്‍പ്പെടുത്താതിരുന്നതു വന്‍വിവാദത്തിന്‌ ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും സ്‌ഥലം എം.എല്‍.എ: പി.ടി. തോമസിനും ഉദ്‌ഘാടനവേദിയില്‍ ഇടം നല്‍കിയിരുന്നില്ല. എന്നാല്‍, മറ്റു രണ്ടുപേരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പി.എം.ഒയുടെ അറിയിപ്പിലും തോമസിനെ പരിഗണിച്ചില്ല.

വേദിയില്‍ 17 പേര്‍ക്ക്‌ ഇരിപ്പിടം നല്‍കണമെന്നും അതില്‍ 10 പേര്‍ക്കു പ്രസംഗിക്കാന്‍ അനുമതി നല്‍കണമെന്നുമാണു സംസ്‌ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കെ.വി. തോമസ്‌ എം.പി. എന്നിവര്‍ക്കു പുറമേ ഇ. ശ്രീധരന്‍, രമേശ്‌ ചെന്നിത്തല, പി.ടി. തോമസ്‌, മേയര്‍ സൗമിനി ജെയിന്‍, ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ, മന്ത്രിമാരായ തോമസ്‌ ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി, നഗരവികസനമന്ത്രാലയം സെക്രട്ടറി രാജീവ്‌ ഗുഹ എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഏഴുപേര്‍ക്കു മാത്രമാണു പി.എം.ഒ. അനുമതി നല്‍കിയത്‌. ഒഴിവാക്കപ്പെട്ടവരില്‍ ശ്രീധരനും ചെന്നിത്തലയും പി.ടി. തോമസും ഉള്‍പ്പെട്ടതു വിവാദത്തിനിടയാക്കി.

പ്രതിപക്ഷനേതാവ്‌ ശക്‌തമായി പ്രതിഷേധിച്ചെങ്കിലും ചടങ്ങ്‌ ബഹിഷ്‌കരിക്കില്ലെന്നു വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ്‌ സെക്രട്ടറി മൂവരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പി.എം.ഒയ്‌ക്കു വീണ്ടും കത്ത്‌ നല്‍കി. ഈ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിച്ചാണ്‌ ചെന്നിത്തലയ്‌ക്കും ശ്രീധരനും വേദിയില്‍ സ്‌ഥാനം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ തീരുമാനിച്ചത്‌.