Latest News

കാറിനുള്ളില്‍ കുടുങ്ങിയ ഇരട്ടബാലികമാര്‍ ശ്വാസംമുട്ടി മരിച്ചു ; കൊടുംചൂടത്ത് വാഹനത്തിനുള്ളില്‍ കുട്ടികള്‍ കിടന്നത് രണ്ടുമണിക്കൂറിലേറെ

2017-06-16 03:02:48am |

ഗുഡ്ഗാവ്: കൊടുംചൂടത്ത് രണ്ടുമണിക്കൂറിലേറെ കാറിനുള്ളില്‍ കുടുങ്ങിയ അഞ്ചുവയസുള്ള ഇരട്ടബാലികമാര്‍ ശ്വാസംമുട്ടി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു ഡല്‍ഹിക്കു സമീപം ഹരിയാനയിലെ ഗുഡ്ഗാവിലാണു ദാരുണസംഭവം. വേനലവധി ചെലവഴിക്കാന്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമെത്തിയ ഹര്‍ഷ, ഹര്‍ഷിത എന്നീ കുട്ടികളാണ് ചൂടായ കാറിനുള്ളില്‍ അപകടത്തിനിരയായത്. ഇവരുടെ പിതാവ് ഗോവിന്ദ് സിങ് െസെനികനാണ്.

ഗോവിന്ദ് സിങ്ങിന്റെ പിതാവിന്റെ പട്ടൗഡി മേഖലയിലുള്ള വീട്ടില്‍ നിര്‍ത്തിയിട്ട പഴയ ഹ്യൂണ്ടായ് ഇലാന്‍ട്രാ കാറില്‍ കളിക്കുന്ന പതിവ് ഇരട്ടക്കുട്ടികള്‍ക്കുണ്ടായിരുന്നു. ഈ കാറിനുള്ളിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. കാറിന്റെ ഡോര്‍ തുറക്കാന്‍ കുട്ടികള്‍ ശ്രമിച്ചതിന്റെ തെളിവു കണ്ടെടുത്തിട്ടുണ്ട്.

കുട്ടികള്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാര്‍ ലോക്കായിപ്പോയി എന്നാണു ബന്ധുക്കള്‍ പറയുന്നത്. കാറിന്റെ ലോക്ക് തകരാറിലായിരുന്നു. പോരാത്തതിന് ജനല്‍ചില്ലുകളുടെ ലിവറും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇന്നലെ െവെകിട്ട് നാലുമണിയോടെയാണു കുട്ടികളെ കാണാനില്ല എന്നു തിരിച്ചറിഞ്ഞത്. പരിഭ്രാന്തരായ ബന്ധുക്കള്‍ ആദ്യംവന്നു നോക്കിയതും കാറിനുള്ളിലാണ്. കുട്ടികളെ കണ്ടെത്തുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.