Latest News

"സ്വപ്‌നസഞ്ചാരം" ഇന്ന്‌ ട്രാക്കില്‍ : കൊച്ചി മെട്രോ ഇന്ന്‌ പ്രധാനമന്ത്രി നാടിന്‌ സമര്‍പ്പിക്കും

2017-06-17 03:33:45am |

കൊച്ചി: കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു നാടിനു സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10.35ന്‌ എത്തുന്ന പ്രധാനമന്ത്രി അവിടെ തയാറാക്കിയ കവാടത്തില്‍ റിബണ്‍ മുറിച്ചശേഷം ട്രെയിനില്‍ കയറും. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ്‌ അദ്ദേഹം സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു,നഗരവികസന സെക്രട്ടറി രാജീവ്‌ ഗൗബ, സംസ്‌ഥാന ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ്‌ ജോര്‍ജ്‌ എന്നിവര്‍ ട്രെയിനില്‍ സഹയാത്രികരാകും.

ട്രെയിന്‍ യാത്രയ്‌ക്കുശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടനച്ചടങ്ങ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഇ. ശ്രീധരന്‍ എന്നിവര്‍ക്കുകൂടി ഇരിപ്പിടം ലഭിച്ചതോടെ ഉദ്‌ഘാടനവേദി സംബന്ധിച്ച വിവാദം അവസാനിച്ചു. വേദിയില്‍ ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ്‌ ചാണ്ടി, മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ്‌ എം.പി, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ്‌ ജോര്‍ജ്‌ എന്നിവരുമുണ്ടാകും. ഇന്നലെ ഉച്ചയോടെ തന്നെ കൊച്ചി നഗരം കനത്ത സുരക്ഷയിലായി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കൊച്ചി നാവിക വിമാനത്താവളം മുതല്‍ മെട്രോയില്‍ അദ്ദേഹം യാത്രചെയ്യുന്ന പത്തടിപ്പാലംവരെയുള്ള ഓരോ കെട്ടിടവും നിരീക്ഷണത്തിലാണ്‌.

ഈ മേഖലയില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ക്കിങ്ങിനും നിരോധനമുണ്ട്‌. രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരാണ്‌ കലൂര്‍ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.
മൂവായിരത്തോളം ക്ഷണിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മൊബൈല്‍ഫോണുകള്‍ക്കും കാറിന്റെ റിമോട്ട്‌ താക്കോലുകള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രധാനമന്ത്രിയുടെ വേദിക്ക്‌ സമീപം പ്ലാസ്‌റ്റിക്‌, കടലാസ്‌ ഗ്ലാസുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന്‌ എസ്‌.പി.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കൊച്ചി നഗരം കണ്ടിട്ടുള്ള വി.വി.ഐ.പി. സുരക്ഷാ ക്രമീകരണങ്ങളില്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങളാണ്‌ നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസും എസ്‌.പി.ജിയും ചേര്‍ന്ന്‌ ഒരുക്കിയിട്ടുള്ളത്‌. പൊതുജനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച രാവിലെ ആറുമുതല്‍ മെട്രോയില്‍ സഞ്ചരിക്കാം. രാത്രി 10 വരെയാണ്‌ സര്‍വീസ്‌. പ്രതിദിനം 219 ട്രിപ്പുകളുണ്ടാവും.