Latest News

വിദേശകമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; വീട്ടുകാര്‍ സുഷമാ സ്വരാജിന്റെ സഹായം തേടി

2017-06-17 03:41:27am |

മാവേലിക്കര: ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രതിശ്രുത വരന്‍ കുരുങ്ങി. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് കമ്പനിയില്‍ നിന്ന് അവധി ലഭിക്കാത്തതിനാല്‍ വിവാഹത്തിന് വരാന്‍ കഴിയാതിരുന്നത്. നാട്ടില്‍ കുടുംബം വിവാഹ ഒരുക്കങ്ങളെല്ലാം നടത്തി കാത്തിരിക്കുമ്പോള്‍ വരാന്‍ കഴിയാതെ വിഷമിക്കുന്ന വരന്‍ ഒടുവില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടി.

കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ അവധി നല്‍കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ശ്രീജിത്തിന്റെ വീട്ടുകാര്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് ഇ-മെയില്‍ വഴി പരാതി നല്‍കി. ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടതോടെ അവധി നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചു.

അതേസമയം കമ്പനി വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ രണ്ടാമതും വിദേശകാര്യമന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കം പൂര്‍ത്തീകരിച്ച് ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം. സുഷമാ സ്വരാജ് കനിഞ്ഞാലേ ഇനി ശ്രീജിത്തിന്റെ വിവാഹം നടക്കൂ എന്നതാണ് വസ്തുത. ഇതിനകം അനേകം വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുള്ള സുഷമാ സ്വരാജ് ശ്രീരാജിന്റെ കാര്യത്തിലും വേണ്ടവിധം ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.