Latest News

ഗംഗേശാനന്ദ കേസ്; പിന്നില്‍ ഉയര്‍ന്ന് IPS ഉദ്യോഗസ്ഥയെന്ന് സൂചന, കേസ് സിബിഐക്ക് വിടണമെന്ന് പെണ്‍കുട്ടി

2017-06-18 04:38:08am |

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ ഉന്നതതല പോലീസ്‌ ഗൂഢാലോചന എന്ന ആരോപണം ശക്‌തമായതതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു. സംഭവത്തിനു പിന്നില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരടങ്ങുന്ന വമ്പന്‍മാര്‍ ഗൂഢാലോചന നടത്തിയതായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട്‌ നല്‍കിയതോടെ കേസ്‌ പുതിയ വഴിത്തിരിവില്‍. മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥയിലേക്കു സംശയമുന നീളുന്ന തരത്തിലാണു സംഭവവികാസങ്ങള്‍.

ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നു കരുതുന്ന പെണ്‍കുട്ടിയുടെ അമ്മ, സഹോദരന്‍ എന്നിവരുടെ പരാതിയും പെണ്‍കുട്ടി കോടതിക്കുനല്‍കിയ കത്തും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനോടു നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നതോടെ പോലീസിന്റെ ഉന്നതതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്‌ വെളിച്ചം കണ്ടതെന്ന്‌ ആഭ്യന്തരവകുപ്പ്‌ വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ പോലീസിന്‌ വീഴ്‌ചയുണ്ടെന്നു കണ്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചശേഷം തൊട്ടടുത്തു താമസിക്കുന്ന ദക്ഷിണമേഖലാ എ.ഡി.ജി.പി: ബി.സന്ധ്യയുടെ വസതിയിലേക്കു പോകാന്‍ തന്നെ കാമുകന്‍ അയ്യപ്പദാസ്‌ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചു. യുവതി മൊഴിമാറ്റിയ സാഹചര്യത്തില്‍ ഇവരെ ബ്രെയിന്‍ മാപ്പിങ്ങിനു വിധേയമാക്കണമെന്ന്‌ അന്വേഷണസംഘം പോക്‌സോ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ യുവതി തിരുവനന്തപുരം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കി.

പല മൊഴിയും പോലീസ്‌ നിര്‍ബന്ധിച്ച്‌ പറയിപ്പിച്ചതാണെന്നാണ്‌ യുവതിയുടെ ആരോപണം. അപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി നാളെ പരിഗണിക്കും. അതേസമയം ഗംഗേശാനന്ദയുടെ റിമാന്‍ഡ്‌ കാലാവധി 14 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതിനിടെ പെണ്‍കുട്ടിയെ നിര്‍ഭയ പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കാന്‍ മന്ത്രി കെ.കെ. ശൈലജ നടത്തിയ നീക്കം പുറത്തായി. കേസില്‍ സര്‍ക്കാരിനു സംഭവിക്കാവുന്ന അപകടത്തില്‍നിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി മുതല്‍ വി.എസ്‌. അച്യുതാനന്ദന്‍ വരെയുള്ള നേതാക്കള്‍ പെണ്‍കുട്ടിയെ ധീരയെന്നു പുകഴ്‌ത്തിയിരുന്നു. രഹസ്യമായി നിര്‍ഭയ കേന്ദ്രത്തിലെത്തിയ മന്ത്രി കെ.കെ. ശൈലജ സി.പി.എം സംസ്‌ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ നിര്‍ഭയപദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ തയാറെടുത്തു കൊള്ളാന്‍ പെണ്‍കുട്ടിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. വന്‍തുകയ്‌ക്കുള്ള പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനിടെ പെണ്‍കുട്ടി മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിസമ്മതിച്ചതോടെ കേസ്‌ വഴിതിരിഞ്ഞു.

തിരുവനന്തപുരം കണ്ണമ്മൂലയ്‌ക്കു സമീപം ചട്ടമ്പിസ്വാമിയുടെ ജന്മസ്‌ഥലവുമായി ബന്ധപ്പെട്ട്‌ നേരത്തെ സ്വാമി ഗംഗേശാനന്ദയും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയുടെ സ്‌മാരക ഭൂമി ഉദ്യോഗസ്‌ഥ തട്ടിയെടുത്തെന്നാരോപിച്ച്‌ നടന്ന ജനകീയസമരത്തിന്‌ നേതൃത്വം നല്‍കിയത്‌ സ്വാമി ഗംഗേശാനന്ദയായിരുന്നു. ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ സമരമുഖത്ത്‌ ആത്മഹത്യ ചെയ്യുമെന്നും സ്വാമി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ യുവതിയുടെ വെളിപ്പെടുത്തലിന്‌ പ്രാധാന്യം കൈവരുന്നത്‌.

കേസ്‌ തുടക്കത്തില്‍ അന്വേഷിച്ച ലോക്കല്‍ പോലീസ്‌ ഉന്നത പോലീസുദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരമാണ്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്‌. നേരത്തെ പുറത്തുവന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോലീസിനെതിരെ ഗുരുതര ആരോപണമുണ്ടായിരുന്നു. അഭിഭാഷകനെഴുതിയ കത്തില്‍ ലൈംഗിക ആക്രമണത്തിനിടയില്‍ ജനനേന്ദ്രിയം മുറിച്ചുവെന്ന മൊഴി പോലീസ്‌ കെട്ടിച്ചമച്ചതെന്നാണ്‌ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്‌. ഗംഗേശാനന്ദ മകളെ പോലെയാണ്‌ തന്നെ കരുതിയിരുന്നത്‌. തനിക്ക്‌ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ പീഡിപ്പിച്ചിട്ടില്ല. അയ്യപ്പദാസ്‌ എന്നയാള്‍ ഗംഗേശാന്ദയ്‌ക്കെതിരേ നടത്തിയ ഗൂഢാലോചനയില്‍തന്നെയും ഭാഗമാക്കുകായിരുന്നു. ഇന്നലെ പുറത്തുവന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണവും പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതരത്തിലായിരുന്നു.