Latest News

നാടമുറിച്ചപ്പോള്‍ പിന്നിലായിരുന്ന ശ്രീധരനെ മുഖ്യമന്ത്രി മുന്നിലേക്ക് വിളിച്ചു നിര്‍ത്തി

2017-06-18 04:43:30am |

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം കെങ്കേമമായി നടന്നു. വേദിയില്‍ ഇരിക്കേണ്ടവരുടെ പേര് പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ തിരികൊളുത്തുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരനെയും ചെന്നിത്തലയെയും വീണ്ടും ഉള്‍പ്പെടുത്തി. ഇതിനൊക്കെശേഷമാണ് ഇപ്പോള്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ ആദ്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഒപ്പം വന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മെട്രോയുടെ നാടമുറിക്കലിനിടെ ഉണ്ടാകാമായിരുന്ന മറ്റൊരു വിവാദം മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായി. നാട മുറിക്കുന്ന സമയം, വിശിഷ്ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. പിന്നിലായിരുന്ന ശ്രീധരനെ മുഖ്യമന്ത്രി മുന്‍നിരയിലേക്ക് കയറ്റി നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷമാണ് നാടമുറിച്ചത്.

ആവേശത്തിലേറിയ കൊച്ചിയെ സാക്ഷിനിര്‍ത്തി കേരളത്തിന്റെ സ്വപ്‌നപദ്ധതി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമര്‍പ്പിച്ചു. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ്‌ പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്നുകൊടുത്തത്‌. തിങ്കളാഴ്‌ച മുതല്‍ മെട്രോ ജനസവാരിക്കു തുറക്കും.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചശേഷം പാലാരിവട്ടം മുതല്‍ പത്തടിപ്പാലംവരെ സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പം മെട്രോ ട്രെയിനില്‍ സഞ്ചരിച്ചശേഷമാണ്‌ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. മെട്രോ യാത്രക്കാര്‍ക്കായുള്ള "കൊച്ചി വണ്‍ സ്‌മാര്‍ട്‌ കാര്‍ഡ്‌" കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മെട്രോയ്‌ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.

രാജ്യത്തിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പ്രകടിപ്പിക്കുമെന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച "മേക്ക്‌ ഇന്‍ ഇന്ത്യ" പദ്ധതിയുടെ കാഴ്‌ചപ്പാട്‌ വ്യക്‌തമാക്കുന്നതാണ്‌ കൊച്ചി മെട്രോയുടെ കോച്ചുകളെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ചെന്നൈയിലാണു കോച്ചുകള്‍ നിര്‍മിച്ചത്‌. കേരള സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും തുല്യപങ്കാളിത്തമുള്ള ഉദ്യമമാണു കൊച്ചി മെട്രോ. 2,000 കോടി രൂപയാണു പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു കേന്ദ്രം നല്‍കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചിക്ക്‌ മികച്ചദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. സ്‌മാര്‍ട്ട്‌ സിറ്റി പട്ടികയിലെ ആദ്യ റൗണ്ടില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന്‌ അറിയപ്പെടും. രാജ്യത്തെ 50 നഗരങ്ങള്‍ മെട്രോ തുടങ്ങാന്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. രാജ്യത്ത്‌ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ റെയില്‍ പദ്ധതിയാണു കൊച്ചി മെട്രോയെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നഗരവല്‍ക്കരണത്തിലൂടെ രാജ്യത്തിന്റെ വികസനോന്മുഖ കാഴ്‌ചപ്പാടില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ ഭാഗമാണ്‌ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ഉദ്‌ഘാടനം അദ്ദേഹം നിര്‍വഹിച്ചതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കൊച്ചി മെട്രോയുടെ ഉദ്‌ഘാടനത്തോടെ രാജ്യത്തെ മെട്രോ റെയിലിന്റെ നീളം 359 കിലോമീറ്ററായി ഉയര്‍ന്നു. വിവിധ സംസ്‌ഥാനങ്ങളിലായി 546 കിലോമീറ്റര്‍ മെട്രോ റെയിലിന്റെ നിര്‍മാണം നടക്കുന്നു. ഇതില്‍ 350 കിലോമീറ്റര്‍ റെയിലിന്റെ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനുപുറമേ 976 കിലോമീറ്റര്‍ മെട്രോ റെയിലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍, മന്ത്രി തോമസ്‌ ചാണ്ടി, കെ.വി. തോമസ്‌ എം.പി, മേയര്‍ സൗമിനി ജെയിന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ്‌ ജോര്‍ജ്‌ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി. പദ്ധതി ഉദ്‌ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രിക്ക്‌ കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.